പാലക്കാട്: യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ സിപിഎമ്മിന്‍റെ പത്തനംതിട്ട ഫേസ്ബുക്ക് പേജില്‍. 'പാലക്കാട് എന്ന സ്‌നേഹ വിസ്‌മയം' എന്ന അടിക്കുറിപ്പോടെയാണ് പേജിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. 63,000 ഫോളോവേഴ്‌സുള്ള പേജിൽ നിന്നും വീഡിയോ രാത്രി തന്നെ നീക്കം ചെയ്‌തു.
സംഭവത്തില്‍ പ്രതികരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രംഗത്തുവന്നു. 'സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക പേജിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ടുള്ള ഒരു പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിൽ നിന്നും മനസിലാക്കുന്നു.
വിവാദം സൃഷ്‌ടിക്കാനായി പേജ് ഹാക്ക് ചെയ്‌ത് മനപൂർവം ഇത്തരത്തിൽ ഒരു വീഡിയോ പോസ്‌റ്റ് ചെയ്‌ത ശേഷം അതിന്‍റെ സ്ക്രീൻ റെക്കോർഡിങ് എടുത്ത് ആരോ മാധ്യമങ്ങൾക്ക് കൈമാറിയതായിട്ടാണ് വിശദമായ പരിശോധനയിൽ മനസിലാക്കാൻ കഴിയുന്നതെന്ന് കെ പി ഉദയഭാനു ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പ്രതികരിച്ചു. സൈബർ പൊലീസിനും ഫേസ്ബുക്കിനും സംഭവത്തിൽ പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.
കെ പി ഉദയഭാനുവിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റിന്‍റെ പൂർണ രൂപം
വ്യാജൻ ഇപ്പോൾ ഹാക്കറുമായി.
സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക പേജിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ടുള്ള ഒരു പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിൽ നിന്നും മനസിലാക്കുന്നു. വിശദമായ പരിശോധനയിൽ വിവാദം സൃഷ്‌ടിക്കാനായി പേജ് ഹാക്ക് ചെയ്‌ത്, മനപൂർവ്വം ഇത്തരത്തിൽ ഒരു വീഡിയോ പോസ്‌റ്റ് ചെയ്‌ത ശേഷം അതിന്‍റെ സ്ക്രീൻ റെക്കോർഡിങ് എടുത്ത് ആരോ മാധ്യമങ്ങൾക്ക് കൈമാറിയതായിട്ടാണ് മനസിലാക്കാൻ കഴിയുന്നത്.
ഫേസ്ബുക്ക് പേജ് ഹാക്ക് ആയത് ശ്രദ്ധയിൽ പെടുകയും പെട്ടെന്നു തന്നെ സോഷ്യൽ മീഡിയ ടീം അത് റിക്കവർ ചെയ്‌ത് വീഡിയോ നീക്കം ചെയ്യുകയും സൈബർ പൊലീസിനും ഫേസ്ബുക്കിനും പരാതിയും നൽകിയിട്ടുണ്ട്. പേജിന്‍റെ നിയന്ത്രണം തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് വ്യക്തമായി അറിയാവുന്നവരാണ് പത്തനംതിട്ടക്കാർ. അടൂർ അസംബ്ലി മണ്ഡലത്തിലെ 119 ആം നമ്പർ ബൂത്തിലെ താമസക്കാരനാണ് വ്യാജൻ. (പെരിങ്ങനാട് വില്ലേജ്) കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് 111 വോട്ടിൻ്റെയും പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് 70 വോട്ടിൻ്റെയും ലീഡ് ഈ ബൂത്തിൽ ഉണ്ടായി.
നാട്ടിൽ ജനങ്ങൾക്കിടയിൽ ഒരു സ്വാധീനവും ഇല്ലാത്ത വ്യാജൻ നാടൊട്ടുക്കുള്ള ആളുകളുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച്, ആ ആനൂകൂല്യത്തിൽ നേതൃസ്ഥാനത്തെത്തിയ ആളാണ്. അടൂർ, പന്തളം മേഖലകളിലെ ജനങ്ങളുടെ പേരിൽ പോലും ഇക്കൂട്ടർ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് ദുരുപയോഗം ചെയ്‌തതിന് നിയമ നടപടികളും വ്യാജൻ നേരിടുന്നുണ്ട്.
ജനാധിപത്യപരമായി നടക്കേണ്ടിയിരുന്ന ഒരു സംഘടന തെരഞ്ഞെടുപ്പിനെ പോലും വ്യാജ ഐഡി കാർഡ് ഉണ്ടാക്കി അട്ടിമറിച്ചവൻ ഉപതെരഞ്ഞെടുപ്പിന് മുൻപ് ഇനിയും പല തട്ടിപ്പുകളും നടത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പാലക്കാട്ടെ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ ഇത് തിരിച്ചറിഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ. പി സരിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
കെ പി ഉദയഭാനു
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സിപിഎം കോൺഗ്രസ് ഡീല്‍ എന്ന് സുരേന്ദ്രന്‍
പത്തനംതിട്ട സ്വദേശിയായ രാഹുൽ മാങ്കൂട്ടത്തിലിന് സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചത് നിസാരമായി കാണാനാവില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. പാലക്കാട് സിപിഎമ്മും കോൺഗ്രസും തമ്മിലാണ് ഡീൽ എന്നതിൻ്റെ തെളിവാണ് പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ കണ്ടത്.
സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അന്തർധാര സജീവമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പരസ്‌പരം സഹായിച്ച് കൊണ്ടാണ് അവർ മത്സരിക്കുന്നത്. മുനമ്പം വിഷയം പാലക്കാട് വലിയ തെരഞ്ഞെടുപ്പു വിഷയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
Also Read: കോണ്‍ഗ്രസിലെ 'പോരി'ന് അറുതി; രാഹുലിനായി കെ മുരളീധരൻ പാലക്കാട് പ്രചാരണത്തിനിറങ്ങും