വയനാട്: നാളേറെയായി തുടരുന്ന വാശിയേറിയ പ്രചാരണങ്ങള്‍ക്ക് ശേഷം വയനാടും ചേലക്കരയും പോളിങ് ബൂത്തുകളില്‍. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ രണ്ടിടങ്ങളിലും രാവിലെ 7 മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 മണിവരെയാണ് സമ്മതിദാന അവകാശങ്ങള്‍ വിനിയോഗിക്കാനുള്ള സമയം.
വയനാട്ടില്‍ 16 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. അതേസമയം ചേലക്കരയില്‍ ആറ് പേര്‍ തമ്മിലാണ് പോരാട്ടം. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. ചേലക്കരയിലാകട്ടെ വോട്ടര്‍മാരുടെ എണ്ണം 2,13,103 ആണ്.
ചേലക്കരയില്‍ 180 പോളിങ് ബൂത്തുകളില്‍ മൂന്നെണ്ണം ഓക്‌സിലറി ബൂത്തുകളാണ്. മണ്ഡലത്തില്‍ 14 പ്രശ്‌ന ബാധിത ബൂത്തുകളാണുള്ളത്. വയനാട്ടിലാകട്ടെ 1354 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. അതില്‍ 30 ഓക്‌സിലറി ബൂത്തുകളാണ്. ജില്ലയിലാകട്ടെ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയിലുള്ളത്.
പോളിങ് ബൂത്തുകളില്‍ വന്‍ തിരക്ക്: വയനാട് വോട്ടിങ് ആരംഭിച്ചതോടെ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ബൂത്തുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി തുടങ്ങിയ ഭാഗങ്ങളിൽ എല്ലാം വോട്ടർമാരുടെ നീണ്ട നിരയാണ് ബൂത്തുകളിൽ കാണാനായത്.
അതേസമയം കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ പൂവാറൻതോട്ടിലെ ജി.എൽ പി സ്കൂളിൽ സജ്ജീകരിച്ച ബൂത്തിലെ വോട്ടിങ് മെഷീൻ രാവിലെ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ തകരാറിലായി.തുടർന്ന് ഒരു മണിക്കൂറോളം വോട്ടിങ് നിർത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായി. പിന്നീട് മറ്റൊരു യന്ത്രം കൊണ്ടുവന്നാണ് വോട്ടിങ് പുനരാരംഭിച്ചത്.
ശക്തമായ പോരാട്ടം നടക്കുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഇതുവരെ അനിഷ്‌ഠ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. തങ്ങളുടെ പരമാവധി വോട്ടുകൾ ഉച്ചക്ക് മുമ്പ് തന്നെ പോളിങ് ചെയ്യിക്കാനുള്ള ശ്രമത്തിലാണ് മണ്ഡലത്തിലെ പ്രമുഖ രാഷ്‌ട്രീയ കക്ഷികളും മുന്നണികളും. അതിനുവേണ്ടി പരമാവധി വോട്ടർമാരെ രാവിലെ തന്നെ എത്തിക്കാനുള്ള പരിശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
കനത്ത സുരക്ഷയും തത്സമയ നിരീക്ഷണവും: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടിടങ്ങളിലെ പോളിങ് ബൂത്തുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി വെബ് കാസ്റ്റിങ് സംവിധാനം അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോഗ്രാഫര്‍, പൊലീസ് എന്നിവ വിന്യസിച്ചിട്ടുണ്ട്.
വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവരുടെയും വോട്ട് ചെയ്‌ത് പുറത്തിറങ്ങുന്നവരുടെയും മുഴുവന്‍ ദൃശ്യങ്ങളും ക്യാമറയില്‍ ശേഖരിക്കും. രണ്ടിടങ്ങളിലെ മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും ഇതിനായുള്ള ക്യാമറകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വോട്ടെടുപ്പ് ആരംഭിക്കുന്നത് മുതല്‍ പൂര്‍ത്തിയാകുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും ചിത്രീകരിക്കും. കള്ളവോട്ട് അടക്കമുള്ള സുരക്ഷ വീഴ്‌ചകള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണിത്. കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക ആപ്പുകള്‍ ഉപയോഗിച്ചുള്ള നീരിക്ഷണവും രണ്ടിടങ്ങളിലും ഉണ്ടാകും.
ഇന്ന് പൊതു അവധി: ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് (നവംബര്‍ 13) വയനാട്ടിലെ എല്ലാ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്‌ട് പ്രകാരവും ജില്ലയിൽ അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം.
അതേസമയം വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾക്കും ഇന്ന് (നവംബര്‍ 13) അവധി നല്‍കി. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍- പൊതുമേഖല സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം.
ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.