തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരെ പുനരധിവാസിപ്പിക്കാനുള്ള പദ്ധതി രൂപരേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. രണ്ട് എസ്‌റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാൻ ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടൗണ്‍ഷിപ്പുകളുടെ നിര്‍മ്മാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്കാണ്. കൽപ്പറ്റയിലെ എസ്‌റ്റേറ്റിൽ അഞ്ച് സെന്‍റിലായിരിക്കും വീട് നിർമാണം. റോഡ്- അടിസ്ഥാന സൗകര്യങ്ങളെല്ലാം നടപ്പാക്കും. നെടുമ്പാലയിലെ ടൗൺഷിപ്പിൽ 10 സെന്‍റിലെ വീടുകളായിരിക്കുമെന്നും ഭാവിയിൽ മുകളിൽ നില കെട്ടാവുന്ന വിധത്തിലുള്ള വീടുകളാവുമെന്നും മുഖ്യമന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ അറിയിച്ചു. ടൗൺഷിപ്പ് മാതൃക പ്രദര്‍ശിപ്പിച്ച് കൊണ്ടായിരുന്നു വാർത്താസമ്മേളനം. അങ്കണവാടി, സ്‌കൂൾ, ആശുപത്രി, മാർക്കറ്റ്, പാർക്കിങ്, കളിസ്ഥലം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ടൗൺഷിപ്പിൽ ഉണ്ടാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'2024 ന്‍റെ ദുഃഖമായിരുന്നു വയനാട്. സമാനതകളില്ലാത്ത ദുരന്തം ആണ് ഉണ്ടായത്. ഏറ്റവും വേഗം പുനരധിവാസം നടപ്പാക്കാനാണ് ശ്രമിച്ചത്. സമഗ്രവും സുതാര്യവുമായ സംവിധാനം നടപ്പാക്കും. സമയബന്ധിതമായി പദ്ധതി നടപ്പാക്കൽ ഉറപ്പാക്കും. വീട് വച്ച് നൽകൽ മാത്രമല്ല, ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസം നടപ്പാക്കുക. സന്നദ്ധരായ എല്ലാവരേയും കൂടെ കൂട്ടുമെന്നും' മുഖ്യമന്ത്രി പറഞ്ഞു.
എൽസ്‌റ്റോൺ എസ്‌റ്റേറ്റിൽ 58.5, ഹെക്‌ടറും നെടുമ്പാലയിൽ 48.96 ഹെക്‌ടറും ഭൂമി ഏറ്റെടുക്കും. ഭൂമിയുടെ വില അടിസ്ഥാനമാക്കിയാണ് അഞ്ച്- പത്ത് സെന്‍റുകൾ തീരുമാനിച്ചത്. ജനുവരി 25 ന് അകം ഗുണഭോക്താക്കളുടെ ലിസ്‌റ്റ് ഇറക്കും. കിഫ്ബിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കി. നിർമ്മാണ ഏജൻസി കിഫ്കോൺ ആണ്.
നിർമ്മാണ കരാർ ഊരാളുങ്കലിന് നൽകും. മേൽനോട്ടത്തിന് മൂന്ന് സമിതിയെ രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ സമിതി, നിർമ്മാണ മേൽനോട്ടത്തിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി, കളക്‌ടറുടെ നേതൃത്വത്തിൽ ഇംപ്ലിമെന്‍റേഷൻ കമ്മിറ്റി എന്നിവയാണവ. പദ്ധതിക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങും.
38 സ്‌പോൺസർമാർ യോഗത്തിൽ പങ്കെടുത്തു. വെബ് പോർട്ടൽ നിലവിൽ വരും. പുനരധിവാസത്തിന് സ്‌പെഷൽ ഓഫീസറെ നിയമിക്കും. കേന്ദ്രത്തിന്‍റെ L3 പ്രഖ്യാപന കത്തിൽ സഹായത്തെ കുറിച്ച് പരാമർശം ഇല്ല. വീട് തകർന്നവർക്കും വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീടുള്ളവർക്കും പുനരധിവാസം ഒരുമിച്ചായിരിക്കും നൽകുക. കൂടുതൽ വീടുകൾ വേണ്ടി വരും. വീടിന്‍റെ ഉടമസ്ഥത ഗുണഭോക്താക്കൾക്ക് തന്നെയായിരിക്കും. എന്നാൽ കൈമാറ്റത്തിന് ചെറിയ നിബന്ധനകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിടവാങ്ങിയ മലയാളത്തിന്‍റെ കഥാകാരന്‍ എം ടി വാസുദേവന്‍നായര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തുടങ്ങിയത്. അന്തരിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിനും അദ്ദേഹം ആദരമര്‍പ്പിച്ചു. ഒപ്പം എല്ലാ മലയാളികള്‍ക്കും അദ്ദേഹം പ്രതീക്ഷയുടെ ഒരു പുതുവര്‍ഷം ആശംസിക്കുകയും ചെയ്‌തു.
Also Read: വയനാട് ടൗൺഷിപ്പിനായി സർക്കാരിന് ഭൂമി ഏറ്റെടുക്കാം; ഉത്തരവിട്ട് ഹൈക്കോടതി