ന്യൂഡല്‍ഹി: 10 സംസ്ഥാനങ്ങളിലായി 31 നിയമസഭാ മണ്ഡലങ്ങളിലേക്കും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് 6 മണി വരെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഉണ്ടാകും.
കോൺഗ്രസും ഇന്ത്യാ മുന്നണിയും വളരെയധികം പ്രാധാന്യത്തോട് കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിക്കും നിര്‍ണായകമാണ്. ഭൂരിഭാഗം സീറ്റിലും വിജയിച്ച് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാ സഖ്യം.
അതേസമയം, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലും കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചോ എന്നത് മനസിലാക്കാനും ബിജെപിയും വളരെ ഗൗരവത്തോടെയാണ് ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
രാജസ്ഥാൻ (7 സീറ്റുകൾ), പശ്ചിമ ബംഗാൾ (6 സീറ്റുകൾ), അസം (5 സീറ്റുകൾ), ബിഹാർ (4 സീറ്റുകൾ), കർണാടക (3 സീറ്റുകൾ), മധ്യപ്രദേശ് (2 സീറ്റുകൾ), ഛത്തീസ്‌ഗഢ്, ഗുജറാത്ത്, കേരളം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
രാജസ്ഥാനിൽ ജുൻജുനു, ദൗസ, ദിയോലി-ഉനിയാര, ഖിൻവ്‌സർ, ചൗരാസി, സലുംബർ, രാംഗഢ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കും. ബിജെപി എംഎൽഎ അമൃത്‌ലാൽ മീണയുടെയും കോൺഗ്രസ് എംഎൽഎ സുബൈർ ഖാന്‍റെയും മരണത്തെ തുടർന്നാണ് സലൂംബറിലും രാംഗഢിലും വോട്ടെടുപ്പ് നടക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പശ്ചിമ ബംഗാളിൽ തൽദൻഗ്ര, സീതായ്-എസ്‌സി, നൈഹാത്തി, ഹരോവ, മേദിനിപൂർ, മദാരിഹത്ത് എന്നീ സിറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ 5 സീറ്റുകളിലും കഴിഞ്ഞ തവണ തൃണമൂല്‍ വിജയിച്ചപ്പോള്‍ മദാരിഹത്ത് ബിജെപിക്കൊപ്പമായിരുന്നു. അസമിലെ ധോലായ്, ബെഹാലി, സമഗുരി, ബോംഗൈഗാവ്, സിദ്ലി എന്നീ അഞ്ച് സീറ്റുകളില്‍ 34 സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടും. ബെഹാലിയിൽ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസും സി.പി.ഐ (എം.എൽ) ലിബറേഷനും ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്.
ബിഹാറിൽ രാംഗഡ്, തരാരി, ഇമാംഗഞ്ച്, ബെലഗഞ്ച് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കർണാടകയിൽ 3 മണ്ഡലങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ്. ലോക്‌സഭാംഗമായ എച്ച്‌ഡി കുമാരസ്വാമിക്ക് പകരം ജെഡി(എസ്) നേതാവ് നിഖിൽ കുമാരസ്വാമി ചന്നപട്ടണയിൽ മത്സരിക്കുന്നു. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മകൻ ഭരത് ബൊമ്മൈ ഷിഗ്ഗാവിൽ കോൺഗ്രസിന്‍റെ യാസിർ അഹമ്മദ് ഖാൻ പത്താനെതിരെ മത്സരിക്കുന്നു. സന്ദൂരിലും ഇന്ന് ഉപതെരഞ്ഞെടുപ്പാണ്.
മധ്യപ്രദേശിൽ ബുധ്‌നിയിലും വിജയ്‌പൂരിലുമാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സിറ്റിങ് കോൺഗ്രസ് എംഎൽഎ രാംനിവാസ് റാവത്ത് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് ഷിയോപൂരിലെ വിജയ്‌പൂര്‍ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര (കേരളം), വാവ് (ഗുജറാത്ത്), റായ്‌പൂര്‍ സിറ്റി സൗത്ത് (ഛത്തീസ്ഗഡ്), മേഘാലയയിലെ ഗാംബെഗ്രെ (എസ്ടി) എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങൾ.
Read Also: വയനാടും ചേലക്കരയും ആര്‍ക്കൊപ്പം? വിധിയെഴുത്ത് ഇന്ന്