പത്തനംതിട്ട: കെഎസ്‌ആർടിസി ബസ് കണ്ടക്‌ടർക്ക് നേരെ അസഭ്യവർഷവും കയ്യേറ്റ ശ്രമവും നടത്തിയ യാത്രക്കാരനെതിരെ കേസെടുത്ത് പൊലീസ്. കൊട്ടാരക്കര മൈലം എസ് ജി കോട്ടേജില്‍ ഷിബുവിനെതിരെയാണ് കേസെടുത്തത്. കെഎസ്‌ആർടിസി അടൂർ ഡിപ്പോയിലെ കണ്ടക്‌ടർ മനീഷിനെയാണ് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് യാത്രക്കാരൻ അസഭ്യം പറഞ്ഞ് കയ്യേറ്റത്തിനു ശ്രമിച്ചത്.
കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ശനിയാഴ്‌ച (ജൂൺ 29) രാത്രി ആദിക്കാട്ടുകുളങ്ങര എത്തിയതിന് ശേഷമായിരുന്നു സംഭവം. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനാണ് ഇയാൾ കെഎസ്‌ആർടിസി കണ്ടക്‌ടറെ കയ്യേറ്റം നടത്താൻ ശ്രമിച്ചത്. യാത്രക്കാരൻ ബസില്‍ കയറിയശേഷം ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്‌ടർ നിരന്തരം ഓർമിപ്പിച്ചിരുന്നു.
ടിക്കറ്റെടുക്കുന്നില്ലേ എന്ന് കണ്ടക്‌ടർ വീണ്ടും ചോദിച്ചതോടെയാണ് യാത്രക്കാരൻ പ്രകോപിതനായി അസഭ്യവർഷവും കയ്യേറ്റ ശ്രമവും നടത്തിയത്. താൻ രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ആളാണെന്നും ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ എന്നും വീട്ടില്‍ കഞ്ഞിവെച്ചിട്ടുണ്ടോ എന്നും ചോദിച്ചായിരുന്നു ഇയാൾ കണ്ടക്‌ടറെ അധിക്ഷേപിച്ചത്. തുടർന്ന് യാത്രക്കാർ മൊബൈലിൽ പകർത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷിബുവിനെതിരെ കണ്ടക്‌ടറെ അസഭ്യം വിളിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അടൂർ പൊലീസ് കേസെടുത്തു.
Also Read: കുറഞ്ഞ ചെലവില്‍ ഡ്രൈവിങ് പഠിക്കാം; ഫീസ് നിശ്ചയിച്ച് കെഎസ്‌ആർടിസി