കണ്ണൂർ: ഇത് കീഴ്ത്തള്ളി കിഴക്കേക്കരയിലെ പാർവതി എസ് പ്രവീണ്‍. ഈ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടി നീറ്റ് പരീക്ഷ എഴുതി ഉപരിപഠനത്തിനായി കാത്തിരിപ്പണ്. പാർവതിയുടെ ഈ കാത്തിരിപ്പിന് പല തലങ്ങളുണ്ട്... നഷ്‌ടങ്ങളുടെ വേദനയുണ്ട്... ഇല്ലായ്‌മയുടെ കണ്ണീരുണ്ട്...
സീന - പ്രവീൺ ദമ്പതികളുടെ ഏക മകളായ പാർവതിയുടെ സ്വപ്‌നങ്ങൾ ആകെ കീഴ്മേൽ മറിഞ്ഞത് അച്ഛൻ പ്രവീണിന്‍റെ മരണത്തോടെ ആയിരുന്നു. 2023 ജൂൺ 12നായിരുന്നു പ്രവീൺ മരണപെട്ടത്. അച്ഛന്‍റെ മരണത്തോടെ ആകെ ഉണ്ടായ പിന്തുണയും കരുത്തും പാർവതിക്ക് നഷ്‌ടപ്പെട്ടു.
എങ്കിലും മുന്നോട്ട് ഉള്ള യാത്ര വഴികൾ കൊട്ടിയടക്കാൻ അവൾ തയ്യാറായില്ല. ചെറുപ്പം മൂതൽ ചിത്ര കലകളോട് ഉള്ള ഇഷ്‌ടത്തെ കൂട്ടുപിടിച്ച് നെറ്റിപ്പട്ട നിർമ്മാണം എന്ന മേഖല അവൾ തിരഞ്ഞെടുക്കുകയായിരുന്നു. മറ്റു ക്ലാസുകളിൽ ഒന്നും പോവാതെ യൂട്യൂബ് നോക്കി അതവൾ പഠിച്ചെടുത്തു.
നെറ്റിപ്പട്ടങ്ങൾക്ക് വേണ്ട സാധനങ്ങൾ ഓൺലൈനിലൂടെ വാങ്ങി. അവളുടെ ശ്രമം വിജയം കണ്ടു. ഇന്ന് ഒർജിനലിനെ വെല്ലുന്ന നെറ്റിപ്പട്ടങ്ങൾ ഉണ്ടാക്കുകയാണ് ഈ മിടുക്കി.
ഇതിനകം 12-ഓളം നെറ്റിപ്പട്ടങ്ങൾ ഉണ്ടാക്കി ആവശ്യക്കാർക്ക് കൊടുത്ത് കഴിഞ്ഞു പാർവതി. ഒന്നര അടി നീളം വരുന്ന നെറ്റിപ്പട്ടത്തിന് 1500 രൂപയും രണ്ടര അടിക്ക് 2500 രൂപയും 3 അടിക്ക് 3500 രൂപയും 4.5 അടിയ്‌ക്ക് 6500 രൂപയും ആണ് വില.
വീട്ടിലേക്ക് അടക്കം ഇന്ന് ഏക വരുമാന മാർഗം കൂടിയാണ് പാർവതിയുടെ നെറ്റിപട്ട നിർമാണം. തന്‍റെ ആർട്ട് വർക്കിലൂടെ സുന്ദരമായൊരു ക്ലോക്കും ഈ മിടുക്കി തയ്യാറാക്കിയിട്ടുണ്ട്. ക്യാൻവാസ്, വെൽവറ്റ്, വൂളൻ നൂല് എന്നിവ കൊണ്ടാണ് പ്രധാനമായും നെറ്റിപ്പട്ടം ഉണ്ടാക്കുന്നത്.
Also Read : ചന്ദ്രന്‍റെ സൂര്യകാന്തി സൂപ്പർ ഹിറ്റ്; മാളയിലെ കോൾക്കുന്നിലേക്ക് സന്ദർശക പ്രവാഹം - Sunflower In Thrissur