എറണാകുളം: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. സ്വന്തം ഇഷ്‌ടപ്രകാരം വീട്ടിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നും വീട്ടിലേക്ക് മടങ്ങാൻ താത്‌പര്യമില്ലെന്നും മജിസ്ട്രേറ്റിനെ അറിയിച്ചു. ഇതേ തുടർന്ന് മകളെ കാണാനില്ലെന്ന പരാതി തീർപ്പാക്കി. പൊലീസ് യുവതിയെ വിമാനത്താവളത്തിൽ എത്തിച്ചു. യുവതി ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്‌തു.
ഇന്നലെ രാത്രി ഡൽഹിയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്. യുവതിയുടെ പിതാവ് എത്തി വീട്ടിലേക്ക് വിളിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങാൻ താത്‌പര്യമില്ലന്ന് അറിയിക്കുകയായിരുന്നു.
ഡൽഹിയിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് യുവതി കൊച്ചിയിലെത്തിയത്. യുവതിയെ കാണാനില്ലെന്ന പിതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെ പരാതി പിൻവലിക്കണമെന്ന് യുവതി അമ്മയെ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരാതി പിൻവലിക്കാൻ കഴിയില്ലന്ന് അറിയിച്ചു. ഇതോടെയാണ് യുവതിയുടെ കൃത്യമായ ഫോൺ ലൊക്കേഷൻ പൊലീസ് കണ്ടെത്തിയത്.
യുവതിയെ രാഹുൽ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാണെന്നായിരുന്നു പിതാവിൻ്റെ ആരോപണം. തൻ്റെ മകൾ രാഹുലിൻ്റെ വീട്ടുകാരുടെ തടവിലാണെന്ന സംശയവും യുവതിയുടെ പിതാവ് ഉന്നയിച്ചിരുന്നു. അതേസമയം മൊഴിമാറ്റത്തിന് പിന്നിൽ രാഹുലിൻ്റെ വീട്ടുകാരുടെ സമ്മർദ്ദമാണെന്ന പിതാവിൻ്റെ വാദം തള്ളി യുവതി സമൂഹമാധ്യമത്തിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു. ഇത്തരത്തിൽ മൂന്ന് വീഡിയോകളാണ് സ്വന്തം വീട്ടുകാർക്കെതിരെ യുവതി ഇറക്കിയത്.
തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ആവർത്തിച്ച യുവതി ആരും തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലന്നും വ്യക്തമാക്കിയിരുന്നു. അതേസമയം കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതിനാൽ വീട്ടിൽ നിൽക്കാൻ സാധിച്ചില്ലന്നാണ് യുവതി വ്യക്തമാക്കിയത്. രാഹുലിൻ്റെ വീട്ടിൽ നിന്ന് തനിക്ക് പരിക്കേറ്റിട്ടില്ലെന്നത് സ്ഥാപിക്കാൻ വിചിത്രമായ വാദങ്ങളും പരാതിക്കാരി ഉന്നയിച്ചിരുന്നു.
ഭർത്താവ് രാഹുൽ ചാർജർ വയർ കഴുത്തിൽ മുറുക്കിയതിനെ തുടർന്നുണ്ടായ മുറിവെന്ന പേരിൽ മാധ്യമങ്ങൾക്കും പൊലീസിനും കാണിച്ച കഴുത്തിലെ അടയാളം അങ്ങനെ ഉണ്ടായതല്ല. കഴുത്തിലെ മുറിവുകളുടെ പാടുകൾ ജന്മനാ ഉള്ളതാണ്. കയ്യിലെ പാടുകൾ ഡാൻസ് കളിച്ചപ്പോൾ ഉണ്ടായത്. മുമ്പ് പറഞ്ഞതൊക്കെ പക്വത കുറവ് മൂലം സംഭവിച്ചതാണെന്നും യുവതി പറഞ്ഞു.
രാഹുലുമായുണ്ടായ പ്രശ്‌നങ്ങൾ തങ്ങൾക്ക് മാത്രമേ അറിയുകയുള്ളൂ. രാഹുലിനൊപ്പം ജീവിക്കേണ്ടത് താനാണ്, മാതാപിതാക്കൾ അല്ല. രാഹുൽ നിരപരാധിയാണന്നും ശിക്ഷിക്കപ്പെടാൻ പാടില്ലന്നും യുവതി നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം പന്തീരങ്കാവ് പൊലീസ് നേരത്തെ രജിസ്‌റ്റർ ചെയ്‌ത ഗാർഹിക പീഡന കേസുമായി പൊലീസ് മുന്നോട്ട് പോവുകയാണ്.