കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതിക്ക് വിദേശത്തേക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശരത്‌ലാല്‍ ഒളിവിൽ. അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയിൽ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതിയില്‍ ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി 31 ലേക്ക് മാറ്റി. വിഷയത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഏറെ വിവാദമുയര്‍ത്തിയ കേസില്‍ പ്രധാന പ്രതികളിലാരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്‌തത്. മറ്റുള്ളവരെല്ലാം പൊലീസിന്‍റെ സഹായത്താല്‍ സുഖമായി കഴിയുകയാണ്. കേസിലെ ഒന്നാം പ്രതി പന്തീരാങ്കാവ് പന്നിയൂര്‍കുളം വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലിനെ ജര്‍മനിയിലേക്ക് കടക്കാന്‍ സഹായിച്ചതിനാണ് സീനിയര്‍ സിപിഒ ശരത്‌ലാലിനെ നേരത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നത്.
ചോദ്യംചെയ്യലിന് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫറോക്ക് അസി. കമ്മീഷണര്‍ സാജു കെ ഏബ്രഹാം ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അറസ്റ്റ് ഭയന്ന് ഇയാള്‍ ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് ശരത്‌ലാലിനെതിരേ ഉയര്‍ന്നിട്ടുള്ളത്. ഇയാള്‍ക്കെതിരായ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായി.
റിപ്പോര്‍ട്ട് ഉടന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും. രണ്ടും മൂന്നും പ്രതികളായ രാഹുലിന്‍റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തിക എന്നിവരും ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഇരുവരും ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് മുങ്ങിയിരിക്കുകയാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി 27 ന് കോടതി പരിഗണിക്കുന്നുണ്ട്.