പത്തനംതിട്ട : പമ്പയിൽ ബസ് കത്തി നശിച്ച സംഭവത്തിൽ കെഎസ്ആർടിസിയോട് റിപ്പോർട്ട് തേടി ഹൈക്കോടതി. 2025 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ള ബസാണ് കത്തി നശിച്ചതെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. അപകടം സംഭവിച്ചത് എങ്ങനെ എന്നത് സംബന്ധിച്ച് നാളെ (നവംബർ 19) അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ശബരിമല അയ്യപ്പ ഭക്തരെ എത്തിക്കാനായി പോയ ബസ് കത്തി നശിച്ച സംഭവത്തിലാണ് കെഎസ്ആർടിസിയോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. ആളുകൾ ഇല്ലാത്തതിനാലായിരുന്നു വലിയ അപകടം ഉണ്ടാകാതിരുന്നത്. അതിനിടെ എരുമേലിയിൽ മിനി ബസ് അപകടം ഉണ്ടായതിനെക്കുറിച്ചും ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
റോഡിന്‍റെ അവസ്ഥ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ബോധവത്ക്കരണം നടത്തണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു. അനധികൃത ലൈറ്റുകൾ ഘടിപ്പിച്ച ബസാണ് അപകടത്തിൽ പെട്ടതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കാഴ്‌ച പരിമിതി മറക്കുന്ന ഇത്തരം ലൈറ്റുകൾ അപകടത്തിന് കാരണമാകുന്നുവെന്നും വിലയിരുത്തി. തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്താനും ഹൈക്കോടതി നിർദേശം നൽകി.
ശബരിമല സന്നിധാനത്തെ ഭക്തരുടെ ക്യൂ നീണ്ട് കഴിഞ്ഞാൽ പതിനെട്ടാം പടിക്ക് താഴെ ഭക്തരെ നിയന്ത്രിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്. മണ്ഡലകാലം ആരംഭിച്ച സാഹചര്യത്തിൽ സ്പെഷ്യൽ കമ്മിഷണർ നൽകുന്ന റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് വിഷയങ്ങൾ ഹൈക്കോടതി പരിഗണിക്കുന്നത്.