മലപ്പുറം : മെട്രോ മാന്‍ ഇ ശ്രീധരനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍. പൊന്നാനിയിലെ ശ്രീധരന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. പാലക്കാട്ട് ഇത്തവണ വിജയം ഉറപ്പാണെന്നും താമര വിരിയുമെന്നും ഇ ശ്രീധരന്‍ പൊന്നാനിയില്‍ പറഞ്ഞു.
പാലക്കാട്ടുകാര്‍ക്ക് സുപരിചിതനായ ഒരാളാണ് സി കൃഷ്‌ണകുമാര്‍. ജനഹൃദയം അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കൃഷ്‌ണകുമാറിന് സാധിക്കും. പാലക്കാടിന്‍റെ മുഖച്ഛായ മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി. കേവലം രണ്ടര കൊല്ലത്തിനായുള്ള പ്രവര്‍ത്തനങ്ങളല്ല ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. വരുന്ന ഓരോ വര്‍ഷത്തേക്കുമുള്ള വികസന പദ്ധതികള്‍ ബിജെപി ഇപ്പോള്‍ തന്നെ ആസൂത്രണം ചെയ്‌തിട്ടുണ്ട്. അതിനാല്‍ ഇത്തവണ പാലക്കാടില്‍ ബിജെപിക്ക് അനുകൂല സാഹചര്യമാണ് ഉള്ളതെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത്തവണ പാലക്കാട് താമര വിരിയും. മണ്ഡലത്തിന്‍റെ വികസനത്തിനായി തന്‍റെ മാസ്റ്റര്‍ പ്ലാന്‍ നല്‍കും. കൃഷ്‌ണകുമാര്‍ മികച്ച സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ശ്രീധരന്‍ വ്യക്തമാക്കി. പാലക്കാട്ടുകാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ജലക്ഷാമം. ഇത് പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ബിജെപി വിപുലമായി നടത്തുന്നുണ്ട്.
ചൂട് കുറയ്ക്കുന്നതിനായി വനസംരക്ഷണം ആവശ്യമാണ്. 5 ലക്ഷം വൃക്ഷങ്ങള്‍ പാലക്കാട് നട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന് പല ആവശ്യങ്ങളുണ്ട്. എല്ലാം കണ്ടറിഞ്ഞ് ബിജെപി പാലക്കാടിനായി പ്രവര്‍ത്തിക്കുമെന്നും കൃഷ്‌ണകുമാറിനെ സ്വന്തം അനിയനായി കണ്ട് അദ്ദേഹത്തിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.
Also Read: ഒടുവില്‍ ചിത്രം പൂർണം; വയനാടും പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി