കാസർകോട് : പൈവളികെ കൂട്ടക്കൊലക്കേസിൽ പ്രതിയെ വെറുതെവിട്ടു. പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണ് വിധി. പ്രതി ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. കാസർകോട് അഡീഷണൽ ജില്ല സെഷൻസ് കോടതിയുടേതാണ് വിധി.
2020 ഓഗസ്‌റ്റ് മൂന്നിന് വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം. കുടുംബാംഗങ്ങളായ 4 പേരെയാണ് പ്രതി മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളികെ സുദമ്പള രേവതി (60), വിട്ട്ല (75), ബാബു (68), സദാശിവ (50) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. മാതാവ് ലക്ഷ്‌മിക്കൊപ്പമാണ് ഉദയന്‍ താമസിച്ചിരുന്നത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഉദയന്‍ കുടുംബപരമായ തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനാവുകയും വരാന്തയില്‍ ഇരിക്കുകയായിരുന്ന നാലുപേരെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്‌തുവെന്നാണ് കേസ്. ലക്ഷ്‌മിയെയും ഉദയന്‍ വെട്ടാന്‍ ശ്രമിച്ചിരുന്നു. ലക്ഷ്‌മി പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയാണുണ്ടായത്. ഇവരുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയതോടെയാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ വീട്ടിലെ ഓരോ മുറികളിലായി കണ്ടെത്തിയത്.
വിട്ട്ലയും ബാബുവും സദാശിവയും ഉദയന്‍റെ അമ്മാവന്‍മാരും രേവതി മാതൃസഹോദരിയുമാണ്. ഉദയന്‍റെ മാതാവ് അടക്കമുള്ളവരെയും അന്വേഷണ ഉദ്യോഗസ്ഥരെയും പ്രതിയെ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിച്ചിരുന്ന ഡോക്‌ടര്‍മാരെയും കോടതി വിസ്‌തരിച്ചിരുന്നു. ആകെ 33 സാക്ഷികളാണ് ഉണ്ടായിരുന്നത്.