തിരുവനന്തപുരം: വിജയക്കൊടി പാറിക്കാന്‍ വാശിയേറിയ പ്രചരണവും വാദ പ്രതിവാദങ്ങളുമായാണ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കാലത്ത് സജീവമാകുന്നത്. എന്നാൽ തോല്‍വി ഉറപ്പാണെന്നറിഞ്ഞിട്ടും മത്സരിച്ച് വ്യത്യസ്‌തനാവുകയാണ് തമിഴ്‌നാട്, സേലം സ്വദേശി പത്മരാജന്‍. തൃശൂരില്‍ സുരേഷ് ഗോപിയോട് മത്സരിച്ച ശേഷം ഇനി രാജ്യസഭ തെരഞ്ഞെടുപ്പിലേക്കാണ് മത്സരം.
ഒറ്റ എംഎല്‍എമാരുടെയും പിന്തുണയില്ലാതെ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളുമെന്ന് ഉറപ്പായിട്ടും സേലത്ത് നിന്നും തിരുവനന്തപുരത്ത് എത്തി നിയമസഭ സെക്രട്ടറിക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് തന്‍റെ 241 -ാം തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് സേലത്ത് ടയര്‍ കട നടത്തുന്ന പത്മരാജന്‍. ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുപ്പിന് നിന്ന് തോറ്റതിന് ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പത്മരാജന്‍ 1988 മുതലാണ് തോറ്റ് തുടങ്ങാന്‍ ഇറങ്ങി പുറപ്പെടുന്നത്.
ജയിച്ച ചരിത്രം കേട്ടിട്ടില്ലെങ്കിലും ഇതു വരെ തന്നെ പരാജയപ്പെടുത്തിയ പ്രധാന നേതാക്കളുടെയെല്ലാം പേര് മനപാഠമാണ് പത്മരാജന്. തൊപ്പി, സൈക്കിള്‍, ടെലിഫോണ്‍, ടൈംപീസ് എന്നിങ്ങനെ 12 ഓളം ചിഹ്നങ്ങളില്‍ മത്സരിച്ച് തോറ്റ പത്മരാജന്‍ കുഞ്ഞുനാളില്‍ മകന്‍റെ പേരിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത സ്ഥാനാര്‍ഥിയുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്ന് തള്ളി കളഞ്ഞ വാര്‍ത്ത ഇന്നും പത്മരാജന്‍ സൂക്ഷിക്കുന്നു. ഇനി സ്വന്തമായി രാഷ്‌ട്രീയ പാര്‍ട്ടി രുപീകരിക്കാനുള്ള നീക്കത്തിലാണ് പത്മരാജന്‍.
ALSO READ : മുസ്‌ലീം ലീഗ് രാജ്യസഭ സ്ഥാനാര്‍ഥിയായി ഹാരിസ് ബീരാന്‍: നാമനിര്‍ദേശ പത്രിക സമര്‍പ്പണം വൈകി