ETV Bharat / state

പദ്‌മജയുടെ കൂട് മാറ്റം കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പ്

പദ്‌മജയുടെ കൂടുമാറ്റം തിരിച്ചടിയല്ലെങ്കിലും തുറന്നു കാട്ടുന്നത് കോണ്‍ഗ്രസ് സംഘടന അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം, പദ്‌മജയ്‌ക്ക് പാര്‍ട്ടി നല്‍കിയ അംഗീകാരങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചടിച്ച് കോണ്‍ഗ്രസ്.

പത്മജ  കോണ്‍ഗ്രസ്  Padmaja  കെ കരുണാകരന്‍റെ പുത്രി
Padmaja Venugopal, Former Chief Minister K Karunakaran's daughter Joints BJP, Congress in Dilemma
author img

By ETV Bharat Kerala Team

Published : Mar 7, 2024, 7:35 PM IST

Updated : Mar 7, 2024, 11:00 PM IST

തിരുവനന്തപുരം: അങ്ങനെ കെ കരുണാകരന്‍റെ പുത്രി പദ്‌മജ വേണുഗോപാല്‍ കൂടി കോണ്‍ഗ്രസ് വിട്ട് താമരയെ പുണരുമ്പോള്‍ അത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളി ഉയര്‍ത്തില്ലെങ്കിലും കോണ്‍ഗ്രസ് എന്ന സംഘടനയെ ചൂഴ്ന്നു നില്‍ക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്(Padmaja). തന്നെ കോണ്‍ഗ്രസ് അവഗണിച്ചു എന്ന പത്മജയുടെ ആരോപണത്തിന് അത്രയധികം അടിസ്ഥാനമില്ലെന്ന് കണക്കു നിരത്തിയാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്(Congress).

2001ലെ എ കെ ആന്‍റണി മന്ത്രിസഭ അധികാരമേറ്റ സമയത്താണ് കെ കരുണാകരന്‍റെ സമ്മര്‍ദ്ദത്തില്‍ മകന്‍ മുരളീധരന്‍ കെപിസിസി പ്രസിഡന്‍റും മകള്‍ പത്മജാ വേണുഗോപാല്‍ കെടിഡിസി ചെയര്‍പേഴ്‌സണുമാകുന്നത്. അന്നാകട്ടെ പത്മജ കോണ്‍ഗ്രസില്‍ അംഗത്വം പോലുമെടുത്തിട്ടില്ലെന്നതാണ് സത്യം. അതിന്‍റെ പേരില്‍ കെ കരുണാകരനും ആത്യന്തികമായി കോണ്‍ഗ്രസിനും ഏറ്റ കല്ലേറിനു കണക്കില്ല. പക്ഷേ കെ കരുണാകരന്‍ എന്ന അതികായന്‍ കോണ്‍ഗ്രസിനു നല്‍കിയ പൂര്‍വ്വകാല സംഭവനകളെയോര്‍ത്ത് എല്ലാവരും എല്ലാം കടിച്ചമര്‍ത്തി.

ജനങ്ങളുടെയും പാര്‍ട്ടി അണികളുടെയും രോഷം തിളച്ചു പൊന്തുന്നതു കണക്കിലെടുക്കാതെ 2004 ലെ തെരഞ്ഞെടുപ്പില്‍ പത്മജയെ കെ കരുണാകരന്‍റെ സമ്മര്‍ദ്ദത്തില്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായ മുകുന്ദപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. അന്നും പത്മജ കോണ്‍ഗ്രസിന്‍റെ ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്തും ഉണ്ടായിരുന്നില്ലെന്നോര്‍ക്കണം. കോണ്‍ഗ്രസിന്‍റെ ഉരുക്കു കോട്ടയില്‍ മത്സരം മാത്രം കാഴ്‌ച വയ്ക്കാനിറങ്ങിയ സിപിഎം സ്ഥാനാര്‍ത്ഥി ലോനപ്പന്‍ നമ്പാടനെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് 1,17,097 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിച്ചു.

ഇന്ത്യയില്‍ യുപിഎ അധികാരത്തിലെത്തിയിട്ടും അന്ന് കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്ന എകെ ആന്‍റണി സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കാനുള്ള മുഖ്യ കാരണം കെ കരുണാകരന്‍റെ കുടുംബത്തിന് പ്രത്യേകിച്ചും പത്മജാ വേണുഗോപാലിന് കൊടുക്കുന്ന ഇത്തരത്തിലുള്ള അനര്‍ഹമായ ആനുകൂല്യങ്ങളായിരുന്നു എന്ന പൊതു വിലയിരുത്തല്‍ അന്നുണ്ടായിരുന്നു. 20ല്‍ 19 സീറ്റിലും യുഡിഎഫ് പരാജയപ്പെട്ട തെരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. അതിനു ശേഷം 2005ല്‍ കരുണാകരന്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ആദ്യം നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയും പിന്നീട് പേരുമാറ്റി ഡിഐസിയും രൂപീകരിച്ചപ്പോള്‍ അന്ന് മുരളീധരന്‍ ഒപ്പമുണ്ടായിരുന്നെങ്കിലും പത്മജ അന്നും ഈ പ്രസ്ഥാനങ്ങളിലൊന്നും ചേരാതെ മാറി നിന്നു. മക്കള്‍ക്ക് ചോദിക്കുന്നതെല്ലാം കൊടുക്കുന്നില്ലെന്ന കരുണാകരന്‍റെ പരിഭവമാണ് പാര്‍ട്ടിയുടെ തന്നെ പിളര്‍പ്പിലേക്ക് നയിച്ചതെന്നതും രഹസ്യമല്ല.

ഡിഐസി പിന്നീട് എന്‍സിപിയില്‍ ലയിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ 2008ല്‍ കെ കരുണാകരന്‍ അതിനു തയ്യാറാകാതെ മാറി നിന്നു. അന്ന് കെ കരുണാകരനൊപ്പമുള്ള കോണ്‍ഗ്രസുകാരുടെ നേതാവായാണ് പത്മജ സജീവ രാഷ്ട്രീയത്തിലേക്കു വരുന്നത്. അന്ന് പക്ഷേ മുരളീധരന്‍ എന്‍സിപിയിലെത്തി സംസ്ഥാന പ്രസിഡന്‍റായി. കെ കരുണാകരന്‍ മുരളീധരനെ ഉപേക്ഷിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കു മടങ്ങിയപ്പോള്‍ പത്മജയും കോണ്‍ഗ്രസിലെത്തി. കെ കരുണാകരനൊപ്പമെത്തിയ പത്മജ അങ്ങനെ വളരെപ്പെട്ടെന്ന് കെപിസിസി നിര്‍വ്വാഹക സമിതിയിലെത്തി. പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്‍റും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവുമായി. 2016ല്‍ തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിഎസ് സുനില്‍കുമാറിനോടു തോറ്റു. അതിനു ശേഷം തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോയ പത്മജ, 2021 ല്‍ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരത്തിനിറങ്ങയെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി കൂടിയെത്തിയ വാശിയേറിയ ത്രികോണപ്പോരില്‍ പത്മജ വെറും 946 വോട്ടുകള്‍ക്ക് സിപിഐ സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനോട് പരാജയപ്പെട്ടു.

1991 മുതല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയിച്ച ഒരു മണ്ഡലമാണ് പത്മജ എതിരാളികള്‍ക്ക് അടിയറ വച്ചത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പത്മജയ്ക്ക് ഒരിക്കലും പാര്‍ട്ടി അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്ന ആരോപണത്തെ കോണ്‍ഗ്രസ് നേരിടുന്നത്. എന്നാല്‍ 946 എന്ന മൂന്നക്ക സംഖ്യ പത്മജയെ വേട്ടയാടിക്കൊണ്ടിരുന്നു. തന്‍റെ പിതാവിന്‍റെ തട്ടകമായിരുന്ന തൃശൂരിലെ 2021 ലെ തോല്‍വിക്കു പിന്നില്‍ കോണ്‍ഗ്രസിലെ ചിലരാണെന്ന് പത്മജ സംശയിച്ചു. ഇതന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ ഏതാനും നേതാക്കളുടെ പേരു ചൂണ്ടിക്കാട്ടി പത്മജ കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും പാര്‍ട്ടി പരാതി ഗൗരവത്തിലെടുത്തില്ലെന്നതാണ് അവര്‍ ഉന്നയിക്കുന്ന ഗുരുതര പരാതി. പത്മജ ഉയര്‍ത്തുന്നതു പോലുള്ള പരാതികള്‍ പാര്‍ട്ടിയുടെ ഉപരി ഘടകങ്ങള്‍ക്ക് അത്രയേറെ ഉണ്ടാകാനിടയില്ലെങ്കിലും കോണ്‍ഗ്രസിന്‍റെ മദ്ധ്യ വര്‍ഗ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ കടുത്ത അതൃപ്‌തി പുകയുന്നുവെന്ന വികാരം പൊതുവേ ശക്തമാണ്.

പാര്‍ട്ടിയുടെ ബഹു ഭൂരിപക്ഷം ബൂത്തു തലങ്ങളിലെയും നിര്‍ജീവതയ്ക്കു കാരണവും പാര്‍ട്ടിയുടെ മദ്ധ്യ വര്‍ഗത്തിന്‍റെ ഈ അതൃപ്തിയാണെന്നാണ് സൂചന. കെ സുധാകരനും വിഡി സതീശനും നേതൃത്വം ഏറ്റൈടുത്ത ശേഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തകരെ കേള്‍ക്കാനും അവരുടെ ആവലാതികള്‍ക്ക് ന്യായമായ പരിഹാരം കാണാനും ഫല പ്രദമായ ഒരു സംവിധാനമില്ലെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടുന്നു. 2021 ല്‍ കെ സുധാകരനും സതീശനുമൊപ്പം അധികാരത്തിലെത്തിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പലതും ജില്ലകളില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്‌ച വയ്ക്കാനാകാതെ പകച്ചു നില്‍ക്കുന്നു.

കെ കരുണാകരന്‍റെയും എകെ ആന്‍റണിയുടെയും കാലത്ത് ഇരുവരുടെയും പേരിലുള്ള ഗ്രൂപ്പുകള്‍ ശക്തമായിരുന്ന കാലത്തു പോലും പാര്‍ട്ടി ഇത്രയും പ്രതിസന്ധി നേരിട്ടിട്ടില്ല. ഇപ്പോള്‍ അക്കാലവുമായി താരതമ്യം ചെയ്‌താല്‍ താരതമ്യേന ഗ്രൂപ്പുകള്‍ അപ്രസക്തമായ കാലത്താണ് പാര്‍ട്ടി ഇത്രയും കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം ഫലപ്രദമായ ചികിത്സ നടത്തുന്നില്ലെങ്കില്‍ അത് പാര്‍ട്ടിയെ കാര്‍ന്നു തിന്നുന്ന ഗുരുതരമായ പ്രതിസന്ധിയായി വളര്‍ന്നു വലുതാകും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പലരും നല്‍കുന്ന സൂചന.

2016ലും 2021 ലും കോണ്‍ഗ്രസിന് തുടര്‍ച്ചയായി ഭരണം നഷ്‌ടപ്പെട്ടതിന്‍റെ നിരാശയും മറുവശത്ത് സിപിഎം ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തുന്ന പല ഇടപെടലുകളും കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി വിടുന്നതിനു കാരണമാകുന്നു. അസംതൃപ്‌തരായ താഴെത്തട്ടിലെ അണികള്‍ പലയിടങ്ങളിലും ബിജെപിയിലേക്കല്ല സിപിഎമ്മിലേക്കാണ് ചേക്കേറുന്നതെന്ന് ഒരു പ്രമുഖ നേതാവ് ഇ ടിവി ഭാരതിനോടു പറഞ്ഞു. ബിജെപിയില്‍ പോയാല്‍ നാളെ എപ്പോഴെങ്കിലും കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നെങ്കിലും പ്രതീക്ഷിക്കാമെങ്കില്‍ സിപിഎമ്മിലേക്കു പോകുന്നവരെ ഒരിക്കലും തിരിച്ചു പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇതൊക്കെയെങ്കിലും ഒരു തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് കേരളത്തിലെ ഏറ്റവും പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ആളുടെ മകള്‍ കോണ്‍ഗ്രസ് പാളയം വിടുന്നത് എതിരാളികള്‍ക്ക് കോണ്‍ഗ്രസിനെ ആക്രമിക്കുന്നതിനുള്ള ഏറ്റവും നല്ല ആയുധമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് പത്മജയെത്തുമ്പോള്‍ കോണ്‍ഗ്രസിന് എന്തുറപ്പില്‍ വോട്ടു ചെയ്യും എന്ന പതിവു പ്രചാരണമാകും എല്‍ഡിഎഫ് ഉയര്‍ത്തുക..

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന ഇടതു പ്രചാരണത്തിനും ഇത് കരുത്തേറ്റും. ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാമെന്ന രാഷ്ട്രീയ ലക്ഷ്യം കൂടി എല്‍ഡിഎഫ് ഈ പ്രചാരണത്തിലൂടെ കാണുന്നു. ഇതിനെയെല്ലാം അതിജീവിച്ച് കഴിഞ്ഞ തവണ നേടിയ 19 സീറ്റ് എന്നതാകും കേരളത്തിലെ കോണ്‍ഗ്രസിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. രണ്ട് കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളുടെ ബിജെപി പ്രവേശം കേരളത്തില്‍ ബിജെപിക്ക് അത്ഭുതം സൃഷ്‌ടിക്കുമോയെന്നതാകും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ഏറ്റവും കൗതുകരമാക്കുന്നതും.

Also Read: ആ കൈകളില്‍ ഇനി 'കുങ്കുമ ഹരിത പതാക'; പദ്‌മജ ബിജെപിയില്‍, മോദി കരുത്തനായ നേതാവെന്ന് ആദ്യ പ്രതികരണം

Last Updated : Mar 7, 2024, 11:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.