എറണാകുളം: പി വി അൻവറിന്‍റെ കക്കാടംപൊയിലിലെ പാർക്കിന് (P V Anwar Kakkadampoyil park) ലൈസൻസ് നൽകിയിട്ടില്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയില്‍. ലൈസൻസിനായി അപേക്ഷ ലഭിച്ചിട്ടുണ്ട്. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല. ആവശ്യമായ അനുബന്ധ രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും സർക്കാർ ഔദ്യോഗികമായി കോടതിയെ അറിയിച്ചു.
എന്നാൽ, ലൈസൻസില്ലാതെ പാർക്ക് എങ്ങനെ പ്രവർത്തിപ്പിക്കുമെന്നാരാഞ്ഞ ഹൈക്കോടതി, മറുപടി അറിയിക്കാൻ സർക്കാരിന് നിർദേശം നൽകി.
പാർക്ക് അടച്ച് പൂട്ടണമെന്നാണ് ഹർജിക്കാരനായ ടി വി രാജന്‍റെ ആവശ്യം. കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കാൻ കൂടരഞ്ഞി പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും സുരക്ഷ പരിശോധന നടത്തിയിട്ടില്ലെന്നുമുള്ള വിവരാവകാശ രേഖ ഹർജിക്കാരൻ നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു.
2018 ജൂണ്‍ 18നാണ് കോഴിക്കോട് കലക്‌ടര്‍ ദുരന്തനിവാരണ നിയമ പ്രകാരം പാര്‍ക്ക് അടച്ചു പൂട്ടാന്‍ ഉത്തരവ് നല്‍കിയത്. പാര്‍ക്കിന്‍റെ പ്രവര്‍ത്തനം മലയോര മേഖലകളില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കണ്ടെത്തിയായിരുന്നു കലക്‌ടറുടെ ഉത്തരവ്. പിന്നീട് പി വി അന്‍വര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ആഗസ്‌റ്റ് 21ന് ദുരന്തനിവാരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി കുട്ടികളുടെ പാര്‍ക്ക് തുറക്കാൻ ഉത്തരവിടുകയായിരുന്നു.