എറണാകുളം: അവയവ കച്ചവടത്തിനായി ഇന്ത്യയില്‍ നിന്നും ഇറാനിലെത്തിച്ച യുവാക്കളില്‍ മലയാളിയുമുണ്ടെന്ന് സൂചന. പാലക്കാട് സ്വദേശിയാണ് ക്രൂര തട്ടിപ്പിന് ഇരയായതെന്നാണ് ലഭിക്കുന്ന വിവരം. അവയവ കച്ചവടത്തിനായി 20 പേരെ ഇറാനില്‍ എത്തിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.
ഇരകളില്‍ കൂടുതല്‍ പേരും ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. മനുഷ്യക്കടത്തും അവയവ വില്‍പ്പനയും ഉൾപ്പെട്ട സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിയുടെ രാജ്യാന്തര ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ അന്വേഷണത്തിലൂടെ കണ്ടെത്താനാകുമെന്നാണ് വിലയിരുത്തല്‍. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് പരിശോധിച്ച് വരുന്നുണ്ട്. അതേസമയം അറസ്റ്റിലായ പ്രതിയെ ഇന്ന് (മെയ് 20) അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതിക്ക് വേണ്ടി കസ്റ്റഡി അപേക്ഷയും പൊലീസ് സമർപ്പിക്കും.
അന്താരാഷ്ട്ര അവയവ റാക്കറ്റ് സംഘവുമായി ബന്ധമുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്‌താൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഈ കേസിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് സൂചന. കൂടുതല്‍ പണം സമ്പാദിക്കണമെന്നുള്ള ഉദ്ദേശത്തോടെയാണ് പ്രതി അവയവ കച്ചവടത്തിൽ ഏർപ്പെട്ടതെന്ന് പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
ജോലിയും പണവും വാഗ്‌ദാനം ചെയ്‌താണ് പ്രതി യുവാക്കളെ ഇറാനിലേക്ക് കടത്തിയത്. അവിടെയെത്തിച്ച് യുവാക്കളുടെ കിഡ്‌നി ട്രാന്‍സ് പ്ലാന്‍റ് ചെയ്‌ത് ഇയാള്‍ പണം കൈപ്പറ്റിയതായും പൊലീസിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനിലെത്തിക്കുന്ന ഒരാള്‍ക്ക് 10 ലക്ഷം രൂപയാണ് അവയവ മാഫിയയില്‍ നിന്നും പ്രതി കൈപ്പറ്റിയത്. ഇയാളില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്നും അവയവ കടത്തുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെയാണ് (മെയ് 19) അവയവ മാഫിയ സംഘത്തിലെ പ്രധാനിയായ തൃശൂര്‍ സ്വദേശി സാബിത്ത് നാസര്‍ പിടിയിലായത്. നേരത്തെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച ഇയാളെ നെടുമ്പാശ്ശേരി പൊലീസാണ് പിടികൂടിയത്. കേന്ദ്ര ഇന്‍റലിജന്‍സിന്‍റെ റിപ്പോര്‍ട്ട് പ്രകാരമാണ് പ്രതിയെ പിടികൂടിയത്.
സാമ്പത്തിക പരാധീനകളുള്ള യുവാക്കളെ സമീപിച്ച് ഇറാനില്‍ ജോലി വാഗ്‌ദാനം ചെയ്‌താണ് ഇയാള്‍ അവയവ മാഫിയയ്‌ക്ക് കൈമാറിയത്. ഇതിനായി കുവൈത്ത് വഴിയാണ് യുവാക്കളെ വിദേശത്തെത്തിച്ചത്. ഇറാനിലെ ഒരു ആശുപത്രിയിലാണ് അവയവങ്ങള്‍ ശേഖരിക്കുന്നതിനായി ശസ്‌ത്രക്രിയ നടത്തിയിരുന്നതെന്നാണ് പ്രതി നല്‍കിയ മൊഴിയെന്നാണ് സൂചന. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന അവയവ കച്ചവട റാക്കറ്റിന്‍റെ ഇന്ത്യയിലെ ഏജന്‍റാണ് സാബിത്ത് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.