മലപ്പുറം: കോഴ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടതുപക്ഷ എംഎൽഎമാർക്ക് സംഘപരിവാർ മുന്നണിയിലേക്ക് പോകാൻ കോഴ വാഗ്‌ദാനം ചെയ്‌തു എന്നറിഞ്ഞിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. അതിനെതിരെ ഒരന്വേഷണവും നടത്തിയില്ല. സംഘപരിവാറിന് വിഷമമുള്ള ഒരു കാര്യവും പിണറായി വിജയൻ ചെയ്യില്ലെന്ന് അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് മുന്നണിയിൽ നിലവിൽ സംഘപരിവാർ മുന്നണിയിലുള്ള ആളുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേന്ദ്ര ഏജൻസികളുടെ കേസിനെ ഭയന്നാണ് മുഖ്യമന്ത്രി ഒന്നിലും ഇടപെടാത്തതെന്നും വിഡി സതീശൻ വിമർശിച്ചു. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എംഎൽഎമാർക്ക് കോഴ വാഗ്‌ദാനം ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്ന് വിഡി സതീശൻ വ്യക്തമാക്കി. ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് മറച്ചുവെച്ചു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾക്കെതിരെ പാലക്കാട്ടെ സിപിഎം നേതാവ് എൻഎൻ കൃഷ്‌ണദാസ് പറഞ്ഞത് ശരിയല്ല. അത് സിപിഎമ്മിന്‍റെ ഭാഷയാണെന്നും വിഡി സതീശൻ പറഞ്ഞു. എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിലെ ഉത്തരവാദികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. സർക്കാരും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യക്ക് ശേഷം ഉണ്ടാക്കിയ വ്യാജ പരാതി എകെജി സെന്‍ററിലാണ് ഉണ്ടാക്കിയതെന്നും വിഡി സതീശൻ ആരോപിച്ചു.
കോൺഗ്രസും ലീഗും ഒന്നിച്ച് നിന്നാണ് വർഗീയതയ്‌ക്കെതിരെ പോരാടുന്നതെന്ന് മദനി പറഞ്ഞിരുന്നു. മുമ്പ് സിപിഎമ്മിന്‍റെ കൂടെയായിരുന്ന ജമാഅത്തെ ഇസ്‌ലാമിയെ സിപിഎം ഇപ്പോൾ വർഗീയ പാർട്ടിയായി മുദ്രകുത്തി. സിപിഎം വിട്ടുപോന്നാൽ അവർ വർഗീയ പാർട്ടിയാകുമോ എന്നും വിഡി സതീശൻ ചോദിച്ചു.
Also Read: ആരോപണങ്ങള്‍ ആന്‍റണി രാജുവിന്‍റെ ടോര്‍പിഡോ; കോഴ ആരോപണത്തില്‍ തോമസ് കെ തോമസ്