തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിവരയിട്ട് പറയുമ്പോഴും സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാതെ സര്‍ക്കാര്‍. ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 835 കേസുകളിലായി 6847 പ്രതികളാണുള്ളത്. 34 കേസുകള്‍ മാത്രമാണ് ഇതുവരെ പിന്‍വലിച്ചത്. ബാക്കിയുള്ള കേസുകള്‍ കൂടി പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി നടന്ന പ്രതിഷേധ പ്രകടനത്തിലും നൂറോളം പേര്‍ക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തിട്ടുണ്ട്.
കേസുകള്‍ പിന്‍വലിക്കാതെ തുടരുന്നത് സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. കേസുകള്‍ പിന്‍വലിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും പാലിക്കാത്തത് വിഷയത്തിലെ സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ള നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് യുഡിഎഫ് കണ്‍വീനറും ആവശ്യപ്പെട്ടു.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പൗരത്വ നിയമ ഭേദഗതി സജീവ ചര്‍ച്ചാവിഷയമാക്കാനാണ് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിയമം നടപ്പില്‍ വരുമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കിയത്. വിഷയത്തില്‍ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഭരണ പ്രതിപക്ഷ സംഘടനകള്‍.
നേരത്തെ തന്നെ കേസിലെ പ്രധാന ഹര്‍ജിക്കാരായ മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍ സ്റ്റേ ഹര്‍ജി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ നിയമപോരാട്ടം നടത്തുമെന്ന് ഡിവൈഎഫ്ഐ യും പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരും നിയമപരമായി പൗരത്വ ഭേദഗതി നിയമത്തെ നേരിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.