കോട്ടയം : കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഷാഫി പറമ്പിൽ, കെ സുധാകരൻ, ഫ്രാൻസിസ് ജോർജ് എന്നീ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് തേടി വടകര, കണ്ണൂർ, കോട്ടയം മണ്ഡലങ്ങളിലായി അച്ചു ഉമ്മന്‍ പര്യടനം നടത്തും. അതേസമയം പത്തനംതിട്ട മണ്ഡലത്തില്‍ അച്ചു ഉമ്മന്‍ പ്രചാരണത്തിനിറങ്ങില്ല.
ബിജെപി സ്ഥാനാര്‍ഥിയായ അനില്‍ ആന്‍റണി തന്‍റെ ബാല്യകാല സുഹൃത്താണെന്നും, അദ്ദേഹത്തിനെതിരെ പ്രചാരണത്തിനിറങ്ങാന്‍ മാനസിക ബുദ്ധിമുട്ടുണ്ടെന്നുമാണ് ഇതിന് അച്ചു ഉമ്മന്‍ നല്‍കിയിരിക്കുന്ന വിശദീകരണം. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഷാഫി പറമ്പില്‍ നേരിട്ട് ക്ഷണിച്ചിരുന്നു. കൂടാതെ, കോൺഗ്രസ് സംസ്ഥാന നേതൃത്വവും തന്നെ ക്ഷണിച്ചിരുന്നു എന്ന് അച്ചു പറഞ്ഞു.
'അപ്പ ഇല്ലാതെയുള്ള എൻ്റെ ഓർമയിലെ ആദ്യ തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പു കാലത്ത് കേരളം മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി ഓടി നടക്കുന്ന അപ്പയാണ് ഇപ്പോഴും മനസിലുള്ളത്. അദ്ദേഹത്തിന്‍റെ അഭാവവുമായി ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല, അതിന്‍റേതായ ബുദ്ധിമുട്ടുകളുണ്ട് -അച്ചു ഉമ്മന്‍ പറഞ്ഞു.
'പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണിക്ക് വേണ്ടി ഞാൻ പ്രചാരണത്തിനിറങ്ങില്ല. കാരണം എന്തെന്നാല്‍ എൻ്റെ ബാല്യകാല സുഹൃത്തായ ബിജെപിയുടെ സ്ഥാനാര്‍ഥി അനില്‍ ആന്‍റണിക്കെതിരെ സംസാരിക്കേണ്ടി വരും' -അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ നിന്നും പൊതു പ്രവര്‍ത്തനങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിച്ച് നിന്നിരുന്ന അച്ചു ഉമ്മന്‍ രാഷ്ട്രീയ പരിസരങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി മോഡലിങ്ങും യാത്രകളുമായി കഴിയുകയായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ താര പ്രചാരകയായിരുന്നു 41കാരിയായ അച്ചു ഉമ്മന്‍. അവരുടെ കൃത്യമായ നിലപാടും കുറിക്കു കൊള്ളുന്ന പ്രസംഗങ്ങളും ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ മുതല്‍കൂട്ടായി. അച്ചുവിന്‍റെ പൊതു സ്വീകാര്യത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരമാവധി ഉപയോഗിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.