തിരുവനന്തപുരം: ഓണം ഉള്‍പ്പെടെയുള്ള അവധിക്കാല തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്ക് (നമ്പര്‍ 06239) സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഇന്നു മുതല്‍ (ഓഗസ്റ്റ് 20) ആരംഭിക്കും. ഓഗസ്റ്റ് 20, 22, 25, 27, 29, സെപ്‌തംബര്‍ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 ദിവസങ്ങളിലായി 13 സര്‍വീസുകളാണ് ബെംഗളൂരു എസ്എംവിടിയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നത്.
ബെംഗളൂരുവില്‍ നിന്ന് രാത്രി 9 മണിക്ക് യാത്രയാരംഭിച്ച് പിറ്റേദിവസം ഉച്ചയ്ക്ക് 2.15 ന് കൊച്ചുവേളിയിലെത്തും. തിരികെ കൊച്ചുവേളിയില്‍ നിന്ന് എസ്എംവിടി ബെംഗളൂരുവിലേക്ക് (നമ്പര്‍ 06240) ഓഗസ്റ്റ് 21, 23, 26, 28, 30 സെപ്‌തംബര്‍ രണ്ട്, നാല്, ആറ്, ഒന്‍പത്, 11, 13, 16, 18 തീയതികളില്‍ സര്‍വീസ് നടത്തും. കൊച്ചുവേളിയില്‍ നിന്ന് വൈകിട്ട് 5 മണിക്ക് യാത്രയാരംഭിച്ച് പിറ്റേ ദിവസം രാവിലെ 10.30 ന് ബെംഗളൂരുവില്‍ എത്തിച്ചേരും.
16 എസി ത്രീ ടെയര്‍ ഇക്കോണമി കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനും അടങ്ങിയതാണ് കോച്ചുകള്‍. ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള ട്രെയിനിന് സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരിക്കും.
കൊച്ചുവേളിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിനിന് കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പോഡന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലും സ്‌റ്റോപ്പുണ്ടായിരിക്കും.
Also Read: സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റി; അട്ടിമറിയെന്ന് സംശയം, അന്വേഷണം തുടങ്ങിയെന്ന് റെയില്‍വേ മന്ത്രി