തൃശൂർ: ഇത്തവണ തൃശൂരിൽ നാലാം ഓണത്തിന് പുലികൾ ഇറങ്ങും. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയ പുലിക്കളിക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറക്കി. പുലിക്കളി സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ ദേശങ്ങൾ തൃശൂർ കോർപറേഷൻ മേയർക്ക് നിവേദനം നൽകിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ആണ് പുലിക്കളി നടത്താൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കിയത്. പുലിക്കളിയ്ക്കുള്ള ചെണ്ട, നിശ്ചല ദൃശ്യങ്ങള്‍ക്കായി വാഹനം, പുലിച്ചമയം വരയ്ക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ഒട്ടേറെ പേര്‍ക്കു അഡ്വാന്‍സ് നല്‍കിയിരുന്നുവെന്നും, പരിപാടി മാറ്റിവയ്ക്കുന്നതിലൂടെ ഭാരിച്ച സാമ്പത്തിക നഷ്‌ടം നേരിടുമെന്ന കാരണം ഉന്നയിച്ചായിരുന്നു പുലിക്കളി സംഘങ്ങൾ സർക്കാരിനെ സമീപിച്ചത്.
ഇത്തവണത്തെ ഓണാഘോഷവും ചാമ്പ്യൻസ് ബോട്ട് ലീഗ് റദ്ദാക്കിയും നെഹ്രുട്രോഫി വള്ളം കളി മാറ്റിവച്ചും സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു തൃശൂർ കോർപറേഷൻ പുലിക്കളിയും വേണ്ടെന്നുവച്ചത്.
Also Read: പെരുമയിൽ മാറ്റമില്ല, തൃശൂർ പൂരം പഴയ പൗഢിയോടെ നടത്തും; പുതിയ ക്രമീകരണങ്ങൾ വരുമെന്നും സുരേഷ് ഗോപി