ഇടുക്കി : അടിമാലിയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കൊലപാതകം നടന്നത് മോഷണ ശ്രമത്തിനിടെയാണെന്ന് പൊലീസ്. കൃത്യം നടത്തിയവരെ കണ്ടെത്താൻ പൊലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. അടിമാലി ടൗണിന് സമീപം താമസിക്കുന്ന നെടുവേലികിഴക്കേതിൽ ഫാത്തിമ ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു കൊലപാതക വിവരം പുറത്തറിയുന്നത്. അടിമാലി ടൗണിന് സമീപമാണ് ഫാത്തിമ മകനോടൊപ്പം താമസിച്ച് വന്നിരുന്നത്. മകൻ ഇന്നലെ പകൽ പുറത്ത് പോയിരുന്നു. വൈകിട്ടേഴോടെ തിരികെയെത്തിയപ്പോഴാണ് വീടിനുള്ളിലെ മുറിയിൽ ഫാത്തിമ രക്തത്തിൽ പുരണ്ട് മരിച്ച് കിടക്കുന്നത് കണ്ടത്. വീടിന്‍റെ വാതിൽ ചാരിയിട്ടിരിക്കുകയായിരുന്നു.
ഉടൻ വിവരം സമീപവാസികളെയും പൊലീസിനെയും അറിയിച്ചു. രാത്രിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. ഫാത്തിമയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇത് മരണത്തിനിടയാക്കിയതായാണ് വിവരം. മോഷണശ്രമമാകാം കൃത്യം നടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല നഷ്‌ടമായിട്ടുണ്ട്. വിരലടയാള വിദഗ്‌ധരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായി ശാസ്‌ത്രീയ തെളിവുകൾ ശേഖരിച്ചു.
ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി മാറ്റി. കൃത്യം നടത്തിയവരെ കണ്ടെത്താൻ പൊലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. വീട് വാടകക്ക് തിരയുന്നുവെന്ന രീതിയിൽ സ്ഥലത്തെത്തിയതായി പറയപ്പെടുന്ന ചില അപരിചിതരെ കേന്ദ്രീകരിച്ചാണ് പ്രധാനമായി പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ സാന്നിധ്യം ചില ദുരൂഹതകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. സമീപത്തെ ചിലയാളുകൾ നൽകിയ വിവരങ്ങളും മറ്റ് ചില സൂചനകളും സിസിടിവി ക്യാമറകളുമൊക്കെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. വൈകാതെ കൃത്യം നടത്തിയവർ ആരെന്ന് കണ്ടെത്തി ഇവരിലേക്ക് എത്തിച്ചേരാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്.