എറണാകുളം: രണ്ടര പതിറ്റാണ്ടിലേറെയായി ദേശീയ പതാക വിറ്റ് പേരിനൊപ്പം 'പതാക'യും ചേര്‍ക്കപ്പെട്ട ഒരാളുണ്ട് കൊച്ചിയില്‍, പതാക ജോയി. കുമ്പളം സ്വദേശി വി വി ജോയിയാണ് നാട്ടുകാരുടെ പതാക ജോയിയായി മാറിയത്. പതാക വില്‍പന ജോയിക്ക് കേവലം ഉപജീവന മാർഗം മാത്രമല്ല മറിച്ച് രാജ്യത്തോടുള്ള സ്നേഹ പ്രകടനം കൂടിയാണ്. അതുകൊണ്ട് തന്നെ ആളുകൾ പതാക ജോയി എന്ന് വിളിക്കുന്നതിൽ പരിഭവമില്ല മറിച്ച് അഭിമാനമാണുള്ളതെന്ന് ജോയി പറഞ്ഞു.
ഓഗസ്‌റ്റ് 10 മുതൽ 15 വരെ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് പതാക വില്‍പന. കയ്യില്‍ ദേശീയ പതാകയുമേന്തി നഗരത്തിലൂടെ നടന്നാണ് അദ്ദേഹം വില്‍പന നടത്തുന്നത്. മറ്റു സമയങ്ങളിൽ പേന വില്‍പനയാണ് ജോയിയുടെ ജോലിയെങ്കിലും ഓഗസ്‌റ്റ് മാസം അഞ്ചുദിവസം ഒരു നിയോഗം പോലെ പതാക വില്‍പനയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
25 വർഷം മുമ്പ് തുടങ്ങിയ ദേശീയ പതാക വില്‍പനയെ കുറിച്ച് ചോദിച്ചപ്പോൾ തന്നെ ജോയിയുടെ കണ്ണുകൾ നിറഞ്ഞു. പതാക വില്‍പന തനിക്ക് അഭിമാനമാണന്ന് ജോയി പറഞ്ഞു. മനസ് മുഴുവൻ രാജ്യത്തോടുള്ള അളവറ്റ സ്നേഹം നിറഞ്ഞു നിൽക്കുന്നതിനാൽ വാക്കുകൾ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. മുൻകാലങ്ങളിൽ നടന്നിരുന്ന അത്ര വില്‍പന ഇപ്പോഴില്ല. ആഘോഷങ്ങളിലും അന്നത്തെ ആവേശം ഇപ്പോഴില്ല എന്നാണ് ജോയിയുടെ അഭിപ്രായം.
ആഘോഷങ്ങളിൽ പങ്കാളിത്തം കുറഞ്ഞു വരുന്നതായാണ് ജോയിയുടെ സംശയം. പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സ്വാതന്ത്രദിനത്തില്‍ ദേശീയ പതാകയും സ്‌റ്റാമ്പും ലഭിക്കുമ്പോൾ വലിയ സന്തോഷമായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് കാരണവന്‍മാർ പറഞ്ഞാണ് അറിഞ്ഞത്. അന്ന് സ്വാതന്ത്ര്യത്തിൻ്റെ അർഥം അറിയില്ലങ്കിലും രാജ്യം സ്വതന്ത്രമായെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു എന്നും ജോയി ചേട്ടൻ പറഞ്ഞു. അന്നത്തെ ആഘോഷങ്ങളും ജോയിയുടെ മനസിൽ മായാതെയുണ്ട്.
കൂടുതൽ സംസാരിച്ചിരുന്നാൽ അത് പതാക വില്‍പനയെ പ്രതികൂലമായി ബാധിക്കുമെന്ന് അറിയാവുന്ന ജോയി ചേട്ടൻ അടുത്ത വർഷം വീണ്ടും കാണാമെന്ന് അറിയിച്ച് ആളുകൾക്കിടയിലേക് നടന്നു നീങ്ങി. പ്രയാധിക്യത്തിൻ്റെ പ്രയാസങ്ങളുണ്ടെങ്കിലും രാജ്യം സ്നേഹം നൽകുന്ന കരുത്തുമായാണ് ജോയി ചേട്ടൻ പതാക വില്‍പന തുടരുന്നത്. ആയുസും ആരോഗ്യവും അനുവദിച്ചാൽ പതാകയുമായി വീണ്ടും കാണാമെന്നാണ് ജോയിക്ക് എല്ലവരോടും പറയാനുള്ളത്.