കാസർകോട്: റെയിൽവേ പാളത്തിൽ വിവിധ വസ്‌തുക്കൾ ഒട്ടിച്ചുവച്ച നിലയിൽ കണ്ടെത്തി. പാരച്യൂട്ട് ഹെയര്‍ ഓയിലിന്‍റെ കുപ്പിയും ലോഹ കഷണങ്ങളും ഗ്ലാസ് ബോട്ടിലും നാണയങ്ങളുമാണ് റയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. പള്ളം അടിപ്പാതയ്ക്ക് സമീപത്താണ് സംഭവം.
റെയില്‍വേ പാളത്തിൽ എണ്ണയൊഴിച്ച നിലയിലാണ്. കിഴക്ക് ഭാഗത്തേയും പടിഞ്ഞാറ് ഭാഗത്തേയും രണ്ട് പാളങ്ങളിലും സമാനമായ വസ്‌തുക്കള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഈ വസ്‌തുക്കള്‍ക്ക് മുകളിലൂടെ ട്രെയിന്‍ സര്‍വീസ് നടത്തിയിട്ടുണ്ടെന്നും ഭാഗ്യവശാല്‍ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ട്രാക്ക് പരിശോധിച്ചു വന്ന ട്രാക്ക് മാനാണ് വസ്‌തുക്കള്‍ ഒട്ടിച്ചുവച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ മാസ്റ്റർ കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊലീസ് നായയെയും സ്ഥലത്തെത്തിച്ചും പരിശോധന നടത്തി. സംഭവത്തിൻ്റെ ഗൗരവം ബോധ്യപ്പെട്ടതിനെ തുടർന്ന് പാലക്കാട് നിന്ന് ഡിവൈഎസ്‌പി സന്തോഷ് കുമാർ കോഴിക്കോട് റെയിൽവേ സിഐ സുധീർ മനോഹർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരത്തിൽ പല സാധനങ്ങൾ വച്ചിരുന്നു. ഉദുമയിൽ ഇരുമ്പ് കഷണവും കളനാട് തുരങ്കത്തിന് സമീപം ട്രാക്കിൽ കല്ലുകൾ നിരത്തിവച്ചും പഴയ ക്ലോസറ്റിന്‍റെ ഭാഗങ്ങൾ വച്ചും ട്രെയിൻ അട്ടിമറി ശ്രമം നടന്നിരുന്നു.