കോട്ടയം: എൽഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതിന് എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റിനെ സ്ഥാനത്ത് നിന്ന് നീക്കി. എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സി പി ചന്ദ്രൻ നായരെയാണ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയത്. എൽഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ ചന്ദ്രൻ പങ്കെടുത്തത് സർവീസ് സൊസൈറ്റിയുടെ സമദൂര നയത്തിൽ നിന്ന് വ്യതിചലിക്കുന്ന തീരുമാനമാണെന്ന് ആരോപിച്ചാണ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയത്.
സമുദായ അംഗങ്ങൾക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താമെങ്കിലും സംഘടനയുടെ ഭാരവാഹിത്വത്തിൽ ഇരിക്കുന്നവർ രാഷ്ട്രീയ താല്‍പര്യങ്ങളോടെ പെരുമാറരുതെന്ന നിർദ്ദേശമുണ്ട്. മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്‍റായ സി പി ചന്ദ്രൻ നായർ ചട്ടങ്ങൾ മറികടന്ന് എൽഡിഎഫ് സ്ഥാനാർഥിയായ തോമസ് ചാഴിക്കാടന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.
തുടര്‍ന്ന് താലൂക്ക് യൂണിയൻ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും രാജിവച്ച് എൻഎസ്എസ്. ജനറൽ സെക്രട്ടറിയെ കണ്ട് പരാതി അറിയിക്കുകയായിരുന്നു. അംഗങ്ങൾ രാജിവെച്ചതോടെ യൂണിയൻ കമ്മിറ്റി നിലവിലില്ലാതായി. ഇതേ തുടർന്ന് അഡ്‌ഹോക് കമ്മിറ്റിയെയും നിയമിച്ചിട്ടുണ്ട്