തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിന് 21 സ്ഥാനാര്‍ഥികളാണ് പത്രിക സമർപ്പിച്ചത്. പാലക്കാട് നിയമസഭ മണ്ഡലത്തില്‍ 16 സ്ഥാനാര്‍ഥികളും ചേലക്കരയിൽ 9 സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിച്ചു.
പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും (രാഹുൽ ബിആർ) എൽഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ഡോ. പി സരിനും ബിജെപി സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറും തമ്മിലാണ് പ്രധാന മത്സരം.
പാലക്കാട്ട് സിപിഎം ഡമ്മി സ്ഥാനാർത്ഥിയായി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോളെ നിര്‍ത്തിയിട്ടുണ്ട്. ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥിയായി പാലക്കാട് മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ കെ. പ്രമീള കുമാരിയുമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേരിനോട് സാമ്യമുള്ള രണ്ട് പേരാണ് പത്രിക സമര്‍പ്പിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായ രാഹുൽ ആറും രാഹുൽ ആർ. മണലടി വീടും പാലക്കാട് മത്സരിക്കുന്നുണ്ട്. എസ്. സെൽവൻ, സിദ്ദിഖ്, രമേഷ് കുമാർ, എസ്, സതീഷ്, ബി. ഷമീർ, എന്നിവരും പാലക്കാട്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളായി പത്രിക സമർപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചേലക്കരയിൽ 9 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. എൽഡിഎഫ് സ്ഥാനാര്‍ഥി യുആർ പ്രദീപ്, യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ പി.എം, എൻഡിഎ സ്ഥാനാര്‍ഥി കെ. ബാലകൃഷ്‌ണന്‍ എന്നിവര്‍ക്ക് പുറമേ പിവി അൻവറിന്‍റെ ഡിഎംകെയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി സുധീർ എൻ.കെയും പത്രിക സമര്‍പ്പിച്ചു. സുനിത, രാജു എം.എ, ഹരിദാസൻ, പന്തളം രാജേന്ദ്രൻ, ലിന്റേഷ് കെ.ബി എന്നിവരാണ് പത്രിക നൽകിയ മറ്റുള്ളവര്‍.
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എ സീത (ബഹുജൻ ദ്രാവിഡ പാർട്ടി), ഗോപാൽ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്‌ദൂർബറോജ്‌ഗർ സംഘ് പാർട്ടി), ബാബു (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), എസി സിനോജ് (കൺട്രി സിറ്റിസൺ പാർട്ടി), കെ സദാനന്ദൻ (ബിജെപി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഇസ്‌മയിൽ സബിഉള്ള, സന്തോഷ് ജോസഫ്, ആർ. രാജൻ, അജിത്ത് കുമാർ സി, ബുക്കരാജു ശ്രീനിവാസ രാജു, എ നൂർ മുഹമ്മദ് എന്നിവരാണ് ഇന്ന് (ഒക്‌ടോബര്‍ 25) പത്രിക സമർപ്പിച്ചത്.
പ്രിയങ്ക ഗാന്ധി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), സത്യൻ മൊകേരി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), നവ്യ ഹരിദാസ് (ബിജെപി), ജയേന്ദ്ര കർഷൻഭായി റാത്തോഡ് (റൈറ്റ് ടു റീകോൾ പാർട്ടി), ദുഗ്ഗിറാല നാഗേശ്വര റാവു (ജാതിയ ജനസേവ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രുഗ്മിണി, സോനു സിങ് യാദവ്, ഡോ കെ പത്മരാജൻ, ഷെയ്ക്ക് ജലീൽ, ജോമോൻ ജോസഫ് സാമ്പ്രിക്കൽ, എ.പി.ജെ ജുമാൻ വി.എസ്. എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഒക്‌ടോബർ 28 ന് നടക്കും. ഒക്‌ടോബർ 30 ന് വൈകിട്ട് 3-നകം സ്ഥാനാര്‍ഥികൾക്ക് പത്രിക പിൻവലിക്കാം.
Also Read:'ഉള്ളില്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസുകാരനുണ്ട്'; കെ കരുണാകരന്‍റെ സ്‌മൃതി മണ്ഡപം സന്ദര്‍ശിച്ച് പി.സരിന്‍