കാസർകോട്: തെയ്യകളിയാട്ട കാലമാകുമ്പോഴേക്കും തെയ്യങ്ങളുടെ രൂപങ്ങള്‍ നിര്‍മിക്കുന്ന നിരവധി പേര്‍ നമ്മുക്ക് ചുറ്റുമുണ്ട്. പാഴ് വസ്‌തുക്കളില്‍ നിന്നും തെയ്യ രൂപങ്ങള്‍ നിര്‍മിച്ച് ജനശ്രദ്ധ നേടുകയാണ് 13കാരനായ നിവേദ് മനോജ്. തെയ്യ കളിയാട്ട കാലത്ത് കാവുകളില്‍ ഉറഞ്ഞാടുന്ന തെയ്യ കോലങ്ങള്‍ മനസില്‍ കോറിയിടും.
പിന്നീട് കണ്‍മുന്നില്‍ കാണുന്ന പാഴ് വസ്‌തുക്കളെല്ലാം തെയ്യക്കോലങ്ങളുടെ ഒരോ ഭാഗങ്ങളായി പിറവിയെടുക്കും. കണ്ടാല്‍ രൗദ്ര ഭാവമുണര്‍ത്തുന്ന മൂവാളംക്കുഴി ചാമുണ്ഡിയാണ് നിവേദിന്‍റെ നിര്‍മാണത്തിലെ മുഖ്യ ആകര്‍ഷണം. എട്ടടി ഉയരമുള്ളതാണ് മൂവാളംക്കുഴി ചാമുണ്ഡിയുടെ കോലം. ഒന്നര മാസമെടുത്താണ് കോലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കാസര്‍ക്കോട്ടെ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് നിവേദ്.
തെയ്യക്കാലം ആരംഭിച്ചാല്‍ നിവേദ് പിന്നെ തിരക്കിലാകും. വീട്ടിലൊന്നും ഇരിക്കാന്‍ നേരമുണ്ടാകില്ല. കാവികളിലെത്തി തിരക്കിയാല്‍ മാത്രമെ നിവേദിനെ കാണാനാകും. ഇതിനും കാരണങ്ങളുണ്ട്. കാവുകളിലെ തെയ്യ കോലധാരികള്‍ക്ക് അരികിലാകും നിവേദ് ഉണ്ടാകുക. അവരുടെ മുഖത്തെഴുത്തെല്ലാം സസൂക്ഷ്‌മം വീക്ഷിക്കും. മുഖത്ത് വരയ്‌ക്കുന്ന ഓരോ വരയും പതിയുക നിവേദിന്‍റെ മനസിലാകും. മാത്രമല്ല ആടയാഭരണങ്ങളുടെ വലിപ്പവും നിറവുമെല്ലാം മനസില്‍ പതിപ്പിക്കും. ഇങ്ങനെ സസൂക്ഷ്‌മം നിരീക്ഷിച്ചതിന് ശേഷമാണ് ഓരോ രൂപങ്ങള്‍ നിവേദ് നിര്‍മിക്കുന്നത്.
അത്തരത്തില്‍ ഏറെ വീക്ഷണങ്ങള്‍ക്ക് ശേഷം ഒരുക്കിയതാണ് മൂവാളംക്കുഴി ചാമുണ്ഡിയും. പൂര്‍ണമായും പാഴ്‌വസ്‌തുക്കളിലാണ് ചാമുണ്ഡിയുടെ നിര്‍മാണം. പഴയ തുണികള്‍, പൊട്ടിയ ബക്കറ്റ്, കളർപേപ്പറുകള്‍ എന്നിവ കൊണ്ടാണ് തെയ്യക്കോലം നിര്‍മിച്ചത്. തുടര്‍ന്ന് ഉപയോഗ ശൂന്യമായ മാലകള്‍ അതിന് ആടയാഭരണങ്ങളായി നല്‍കുകയും ചെയ്യും. മയിൽപീലി പോലുള്ള ഏതാനും ചെറിയ വസ്‌തുക്കള്‍ മാത്രമാണ് തെയ്യക്കോലം നിര്‍മിക്കാന്‍ പണം നല്‍കി വാങ്ങിയത്. അത്തരത്തിലാണ് ചാമുണ്ഡിയുടെ കോലം രൂപാന്തരം പ്രാപിച്ചത്.
വെള്ളിക്കോത്തെ നിവേദിന്‍റെ വീട്ടിലെത്തിയാൽ ആദ്യം കാണുക ആടയാഭരണങ്ങൾ ധരിച്ച മൂവാളംക്കുഴി ചാമുണ്ഡിയാണ്. ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നതാണ് ഈ തെയ്യക്കോലം. ഇതിനെല്ലാം പുറമെ പൊട്ടൻ തെയ്യത്തിന്‍റെയും മുത്തപ്പന്‍റെയും വിഷ്‌ണുമൂർത്തിയുടെയും രൂപങ്ങളും നിവേദ് ഒരുക്കിയിട്ടുണ്ട്.
അവധിക്കാലത്ത് കൂടുതൽ ശില്‌പങ്ങള്‍ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് നിവേദ്. തെയ്യത്തിന്‍റെ രൂപം നിർമിക്കുമ്പോൾ പലതരത്തിൽ എതിർപ്പുകൾ ഉണ്ടായിരുന്നതായി നിവേദ് പറയുന്നു. എന്നാൽ തെയ്യങ്ങൾ തന്‍റെ ജീവനായത് കൊണ്ടാണ് നിർമിച്ചതെന്നും മാതാപിതാക്കളുടെ പൂര്‍ണ പിന്തുണയാണ് തനിക്ക് പ്രചോദനമായതെന്നും നിവേദ് പറഞ്ഞു.