കോഴിക്കോട്: ചാത്തമംഗലം എൻഐടിയിലെ സെക്യൂരിറ്റി ജീവനക്കാരും സാനിറ്റേഷൻ വിഭാഗത്തിലെ ജീവനക്കാരും സമരത്തിലേക്ക്. ജീവനക്കാരുടെ വിരമിക്കൽ പ്രായം നിലവിൽ 60 വയസായിരുന്നു. പുതിയ കരാർ കമ്പനി എത്തിയതോടെ വിരമിക്കൽ പ്രായം 55 ആക്കിയതിനെതിരെയാണ് സമരം.
55 വയസ് പൂർത്തിയായവർക്ക് നിർബന്ധിത വിരമിക്കലിന് കരാർ കമ്പനി നോട്ടിസ് നൽകി കഴിഞ്ഞു. പുതിയ ജീവനക്കാരെ എടുക്കുമ്പോൾ 5000 രൂപ കരാർ കമ്പനിക്ക് നൽകണമെന്നും അറിയിച്ചിട്ടുണ്ട്. സെക്യൂരിറ്റി സാനിറ്റേഷൻ വിഭാഗങ്ങളിലായി എൻഐടിയിൽ 300 ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
സാനിറ്റേഷൻ വിഭാഗത്തിൽ സ്ത്രീകളാണ് ഏറ്റവും കൂടുതൽജോലി ചെയ്യുന്നത്. മിക്കവരും വീട്ടിൽ വലിയ പ്രാരാബ്‌ധം ഉള്ളവർ. ഇവിടുന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് മാത്രമാണ് പലരുടെയും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. വിദ്യാഭ്യാസലോണും വീട് നിർമ്മാണത്തിനും ചികിത്സയ്ക്കും ലോണെടുത്തവർ നിരവധിയുണ്ട്. വിരമിക്കാൻ നോട്ടിസ് ലഭിച്ചതോടെ ഇനി എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ തൊഴിലാളികൾ.
ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ് മിക്ക സെക്യൂരിറ്റി സാനിറ്റേഷൻ വിഭാഗം ജീവനക്കാരും പറയുന്നത്. ഇനി സമരം ചെയ്തെങ്കിലും തങ്ങൾക്ക് നഷ്‌ടപ്പെട്ടു എന്ന് കരുതുന്ന ജോലി തിരികെ ലഭിക്കുമോ എന്ന അവസാന പ്രതീക്ഷയിലാണ് എൻഐടിയിലെ പാവപ്പെട്ട ജീവനക്കാർ. അതിന്‍റെ ഭാഗമായി എൻഐടിയിലേക്ക് മാർച്ച് നടത്തി.
കട്ടാങ്ങൽ അങ്ങാടിയിൽ നിന്നും ആരംഭിച്ച മാർച്ച് എന്‍ഐടി കവാടത്തിനു മുൻപിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്‌തു. എൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു, കെ കെ മനോജ് കുമാർ, കെ പ്രകാശ്, രാജേഷ്, ശ്രീനിവാസൻ, ജി ലാലൻ, ഇ വിനോദ് കുമാർ, ടി കെ സുധാകരൻ, എം സജീഷ് തുടങ്ങിയവർ സംസാരിച്ചു.