മലപ്പുറം: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയതായി പരാതി. നിലമ്പൂർ കാട്ടുമുണ്ട സ്വദേശി ജാഷിദിനെതിരെയാണ് കേരളത്തിലുടനീളം കേസുകള്‍ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
ഫേസ്ബുക്കില്‍ പരസ്യം കണ്ട് യുവാക്കള്‍ ജാഷിദിനെ സമീപിക്കുകയായിരുന്നു. വിസ പ്രൊസസിങ് ആരംഭിച്ചുവെന്ന് വിശ്വസിപ്പിച്ച ശേഷം യുവാക്കളില്‍ നിന്ന് പണം തട്ടുകയായിരുന്നു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ധാരാളം പരാതികള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
23 യുവാക്കളാണ് നിലവിൽ മലപ്പുറം എസ്‌പിക്ക് പരാതി നൽകിയിരിക്കുന്നത്. ഇവരെക്കൂടാതെ നൂറോളംപേർ തട്ടിപ്പിനിരയായതായും പറയപ്പെടുന്നു. ജോലിയും വിസയും ലഭ്യമാകാതെ വന്നതോടെയാണ് ഇവർ പരാതിയുമായി മുന്നോട്ടു വന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വിവരമൊന്നും ലഭിക്കാതെ വന്നപ്പോഴാണ് യുവാക്കള്‍ പൊലീസിനെ സമീപിച്ചത്. 25000 രൂപ മുതൽ 1 ലക്ഷം വരെയാണ് ജാഷിദിൻ്റെ കമ്പനി ഒരാളില്‍ നിന്നും വാങ്ങിയിട്ടുള്ളത്. ഇങ്ങനെ പലരുടെ പക്കല്‍ നിന്നായി കോടികളാണ് കേരളത്തിലുടനീളം തട്ടിച്ചത്.
വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ജോലിയാണെന്നും അഭിമുഖം നടത്തിയിരുന്നില്ലെന്നും പരാതിക്കാര്‍ പറയുന്നു. മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു, സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.