എറണാകുളം: മാവോയിസ്‌റ്റ് സൈദ്ധാന്തികൻ മുരളി കണ്ണമ്പിളളിയെ ദേശീയ അന്വേഷണ ഏജൻസി വീണ്ടും ചോദ്യം ചെയ്യും. മുരളിയുടെ വീട്ടിൽ റെയ്‌ഡ് നടത്തി പിടിച്ചെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ. വീട്ടിൽ നിന്ന് പെൻഡ്രൈവ്, ലാപ്പ്ടോപ്പ്, തുടങ്ങിയ ഡിജിറ്റൽ രേഖകൾ എൻഐഎ പിടിച്ചെടുത്തിരുന്നു.
ഹൈദരാബാദിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരുടെ സംഘമാണ് കഴിഞ്ഞ ദിവസം മുരളി കണ്ണമ്പിള്ളി താമസിക്കുന്ന കൊച്ചി തേവക്കലിലെ വീട്ടിൽ പരിശോധന നടത്തിയത്. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ അദ്ദേഹം തയ്യാറായില്ല, അഭിഭാഷകനെ അനുവദിക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ ഈ ആവശ്യം തള്ളിയ എൻഐഎ സംഘം വാതിൽ തകർത്ത് വീട്ടിൽ പ്രവേശിച്ചായിരുന്നു പരിശോധന നടത്തിയത്. ആറ് മണിക്കൂറോളമാണ് പരിശോധന നീണ്ടുനിന്നത്. മാവോയിസ്‌റ്റ് നേതാവായ സഞ്ജയ് ദീപക് റാവു ഉൾപ്പെട്ട റിക്രൂട്ട്മെന്‍റ് കേസിൽ മുരളി കണ്ണമ്പിള്ളിയെ പ്രതി ചേർത്തിരുന്നു.
കഴിഞ്ഞ മാസം എൻഐഎ മുരളി കണ്ണമ്പിള്ളിയെ കളമശ്ശേരി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പരിശോധന. ഭീമ കോറേഗാവ് കേസിന് തെക്കൻ പതിപ്പ് തയ്യാറാക്കാനാണ് എൻഐഎ ശ്രമമെന്ന് മുരളി കണ്ണമ്പിള്ളി ആരോപിക്കുന്നു. 1976 ലെ കായണ്ണ പൊലീസ് സ്‌റ്റേഷൻ ആക്രമണ കേസിലെ പ്രതിയാണ് മുരളി കണ്ണമ്പിള്ളി. '2015 ൽ മഹാരാഷ്‌ട്ര എടിഎസ് അറസ്‌റ്റ് ചെയ്‌ത മുരളി 2019 ലാണ് ജയിൽ മോചിതനായത്.
Also Read: ഖലിസ്ഥാൻ ഭീകരന്‍ ലാൻഡയുടെ പ്രധാന സഹായി ബൽജീത് സിങ്ങിനെ എൻഐഎ അറസ്റ്റ് ചെയ്‌തു