എറണാകുളം : കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസിലെ മുഖ്യപ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എൻഐഎ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെയുള്ള യുഎപിഎ സെക്ഷനിലെ 38, 39 വകുപ്പുകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റവും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. നാളെ (ഫെബ്രുവരി 8) ശിക്ഷാവിധിക്ക് മുന്നോടിയായുള്ള വാദം നടക്കും.
പ്രതിക്ക് എതിരെ ചുമത്തിയ കുറ്റങ്ങളിൽ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതിനകം അഞ്ചുവർഷം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. നേരത്തെ മാപ്പ് സാക്ഷികളായ പ്രതികളുടെ പ്രേരണയാലാണ് റിയാസ് ഐഎസുമായി ബന്ധപ്പെട്ടതെന്നും പ്രതിഭാഗം വാദിച്ചു.
പ്രതി അഫ്‌ഗാനിസ്ഥാനിലെത്തി ഭീകരവാദികൾക്കൊപ്പം ചേർന്ന് കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്. പുതുവത്സരാഘോഷങ്ങൾക്കിടെ ചാവേർ ആക്രമണം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇതിനുവേണ്ടി പ്രതി പലരെയും സമീപിച്ചിരുന്നു.എന്നാൽ മറ്റാരും ഇതിന് തയ്യാറാകാത്ത സാഹചര്യത്തിൽ പ്രതി തന്നെ ചാവേറാകാൻ തീരുമാനിച്ചുവെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
കേസിലെ ഏക പ്രതിയായ റിയാസ് ചാവേറാക്രമണം നടത്താൻ സ്ഫോടക വസ്‌തുക്കൾ ശേഖരിക്കുന്നതിനിടയിൽ 2019ലാണ് പിടിയിലാകുന്നത്. കേരളത്തിൽ നിന്ന് അഫ്‌ഗാനില്‍ പോയി ഐഎസിൽ ചേർന്ന റിയാസ് അബ്‌ദുൽ റാഷിദ് അബ്‌ദുല്ലയുടെ നിർദേശ പ്രകാരമാണ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയത്.
അബ്‌ദുൽ റാഷിദിന്‍റെ ഫോൺ സന്ദേശങ്ങളും ഓഡിയോ ക്ലിപ്പും പ്രതിയുടെ ഫോണിൽ നിന്നും എൻഐഎയ്ക്ക് ലഭിച്ചിരുന്നു. പ്രതിക്കൊപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസലും കാസർകോട് സ്വദേശി അബൂബക്കർ സിദ്ദിഖും നേരത്തെ കേസിൽ മാപ്പ് സാക്ഷികളായിരുന്നു. യുഎപിഎ സെക്ഷൻ 38,39 വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയത്.
കൊച്ചി എൻ.ഐ.എ കോടതിയിൽ കഴിഞ്ഞ ജനുവരി 31നാണ് അന്തിമ വാദം പൂർത്തിയായത്. റിയാസും കൂട്ടുപ്രതികളായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസലും, കാസര്‍കോട് സ്വദേശി അബൂബക്കർ സിദ്ധിഖും ചേർന്ന് കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്നും അതിനായി എറണാകുളം മറൈന്‍ ഡ്രൈവില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഡിജിറ്റൽ തെളിവുകളും സിഡിആർ, ടവർ ലൊക്കേഷൻ, പ്രതിയുടെ സോഷ്യൽ മീഡിയ എക്‌സ്‌ട്രാക്ഷന്‍ തുടങ്ങിയ തെളിവുകളും നേരത്തെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു.
പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച അബ്‌ദുല്‍ റാഷിദ് അബ്‌ദുല്ലയുടെ നിരവധി വോയ്‌സ് ക്ലിപ്പുകളും ഐഎസ് ചിത്രങ്ങളും വീഡിയോകളും നിരവധി ഐഎസ് ഡോക്യുമെൻ്റുകളും തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ.ബിഎ ആളൂരും എൻഐഎക്ക് വേണ്ടി പ്രോസിക്യൂട്ടർ ശ്രീനാഥുമാണ് ഹാജരായത്.