വയനാട് : ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിന് പിന്നാലെ വയനാട്ടില്‍ കാലാവസ്ഥ പ്രവചിക്കാന്‍ പുതിയ റഡാര്‍ സ്ഥാപിക്കുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ കീഴിലാണ് 150 കിലോമീറ്റർ വരെ പരിധിയിൽ സിഗ്നൽ ലഭിക്കാൻ ശേഷിയുള്ള എസ് ബാൻഡ് റഡാർ സ്ഥാപിക്കുന്നത്. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികളാണ് ബാക്കിയുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകൾക്ക് റഡാർ കൊണ്ട് പ്രയോജനമുണ്ടാവും. ഓരോ 10 മിനിറ്റിലും പ്രവചനം നടത്താൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. നിലവിൽ കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് റഡാറുള്ളത്. കൊച്ചിയിലെ റഡാറിന്‍റെ പരിധിയിലാണിപ്പോൾ കോഴിക്കോട്, വയനാട് ഉൾപ്പെടെയുള്ള ജില്ലകൾ.
കാലാവസ്ഥ വ്യതിയാനം കാരണം 2018 മുതൽ വയനാട്ടിൽ അതിതീവ്ര മഴയാണ് പെയ്യുന്നത്. ഉരുൾപൊട്ടലുണ്ടായ ജൂലൈ 29 ന് 327 മില്ലിമീറ്റർ മഴയാണ് ചൂരൽമലയിലും മുണ്ടക്കൈയിലും പെയ്‌തത്. ഇതാണ് ഉരുൾപൊട്ടലിലേക്ക് നയിച്ചത്. പക്ഷേ, മുന്നറിയിപ്പു നൽകാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.
ആറ് ഓട്ടോമാറ്റിക്ക് വെതർ സ്‌റ്റേഷനുകളും ഹ്യൂംസെന്‍റിന്‍റെ 200 മഴമാപിനികളും വയനാട് ജില്ലയിൽ പലഭാഗത്തായി ഉണ്ടെങ്കിലും ഓരോ ദിവസത്തെ അളവുകൾ മാത്രമാണ് ലഭിക്കുന്നത്. റഡാർ സ്ഥാപിക്കുന്നതോടെ മഴമേഘങ്ങളുടെ ചലനം മനസിലാക്കാൻ കഴിയുന്നതിനാൽ എവിടെയാണ് അതിതീവ്രമഴ പെയ്യുക എന്ന് മുൻകൂട്ടി അറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ കഴിയും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മേഘങ്ങൾ രൂപപ്പെടുന്നത് കണ്ടെത്താൻ കഴിയുന്നതിനാൽ മേഘവിസ്ഫോടനത്തിനുള്ള സാധ്യതകളും മുൻകൂട്ടി അറിയാനാവും. റഡാർ കോഴിക്കോട്ട് സ്ഥാപിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ സിഗ്നൽ ലഭിക്കാൻ പശ്ചിമഘട്ട മലനിരകൾ തടസമാവും എന്നതുകൊണ്ടാണ് വയനാട്ടിലേക്ക് മാറ്റിയത്.
പ്രയോജനങ്ങള്‍ ഇങ്ങനെ
- മേഘത്തിലെ ജലകണികകളെയും ജലകണങ്ങളെയും കണ്ടെത്താൻ കഴിയും എന്നതാണ് റഡാറിൻ്റെ പ്രത്യേകത.
- മഴ എത്ര തീവ്രതയിലാണ് പെയ്യുക എന്ന് മുൻകൂട്ടി അറിയാൻ കഴിയും.
- മഴ മേഘങ്ങളുടെ ചലനം മനസിലാക്കാം. കൂടുതൽ മഴ വർഷിക്കുന്ന മേഘങ്ങൾ എവിടേക്കാണ് ചലിക്കുന്നതെന്ന് കണ്ടെത്താം.
- എത്ര ഉയരത്തിലാണ് മേഘങ്ങൾ രൂപപ്പെടുന്നത് എന്ന് മനസിലാക്കാം.
- കാറ്റിന്‍റെ ഗതിയും തീവ്രതയും മനസിലാക്കാനാവും.
Also Read: വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ അജണ്ടകളുണ്ട്; വയനാട് ദുരിതാശ്വാസ ചെലവ് കണക്കില്‍ മുഖ്യമന്ത്രി