കോഴിക്കോട് : സൗമ്യനായ രാഷ്ട്രീയക്കാരൻ, പാർട്ടിയിലെ വിശ്വസ്‌തൻ... ടി പി രാമകൃഷ്‌ണന്‍റെ പൊതു വിശേഷണമാണിത്. നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, നിയമസഭയിൽ പാർലമെന്‍ററി പാർട്ടി സെക്രട്ടറി, സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം, ഇപ്പോള്‍ എൽഡിഎഫ് കൺവീനർ എന്ന പദവി കൂടി.
കേരള സംസ്ഥാന ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു), കേരള സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു), കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്‍റ് തുടങ്ങിയ പദവികൾ കൂടി വഹിക്കുന്നുണ്ട്.
ക്ലിക്കായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയും വിമുക്തി മിഷനും : പേരാമ്പ്ര നിയോജക മണ്ഡലത്തിൽ നിന്നും 2001ൽ പതിനൊന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ പതിനാലാം കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം പിണറായി മന്ത്രിസഭയിൽ തൊഴിൽ, എക്സൈസ് വകുപ്പുമന്ത്രിയായി. നിലവിൽ പേരാമ്പ്രയുടെ എംഎൽഎ ആണ്.
പിണറായി സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷത്തില്‍ രാമകൃഷ്‌ണന്‍റെ കീഴിലുള്ള തൊഴില്‍ മന്ത്രാലയം മിനിമം വേതനം പുനര്‍ക്രമീകരിച്ചു. പല തൊഴില്‍ മേഖലകളിലായിട്ടുള്ള ഈ വര്‍ധന തൊഴിലാളികള്‍ക്ക് ഗുണകരമായിരുന്നു. കേരള ആവാസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയും ശ്രദ്ധിക്കപ്പെട്ടു. 15000 രൂപ വരെയുള്ള സൗജന്യ ചികിത്സയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.
കേരളത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ നാഴികക്കല്ലായ പദ്ധതിയാണിത്. രാമകൃഷ്‌ണന്‍റെ വകുപ്പ് ഈ പദ്ധതിയില്‍ വലിയ അഭിനന്ദങ്ങള്‍ നേടിയെടുത്തിരുന്നു. അദ്ദേഹത്തിന്‍റെ മന്ത്രാലയം തന്നെയാണ് വിമുക്തി മിഷന്‍ എന്ന പദ്ധതിയും ആരംഭിച്ചത്. യുവാക്കളിലെ ലഹരി ഉപയോഗം കുറയ്ക്കാനുള്ള പദ്ധതിയായിരുന്നുവിത്. കേരളത്തില്‍ ഈ പദ്ധതിയും വന്‍ വിജയമായി.
വിദ്യാര്‍ഥി പ്രസ്ഥാനം വളര്‍ത്തിയ നേതാവ് : വളരെ സാധാരണ കുടുംബത്തിൽ ശങ്കരന്‍റെയും മാണിക്യത്തിന്‍റെയും മകനായി 1949 ജൂൺ പതിനഞ്ചാം തീയതി കോഴിക്കോട് ജില്ലയിലെ നമ്പ്രത്തുകരയിലാണു ജനനം. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിലേക്കെത്തി. കോഴിക്കോട് സർവകലാശാല സെനറ്റ് മെമ്പർ, പ്ലാന്‍റേഷൻ കോർപറേഷൻ ഡയറക്‌ടർ ബോർഡ്, കള്ളു ചെത്ത് വ്യവസായി തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയിൽ അംഗമായി.
ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ഡയറക്‌ടറായും ടെക്‌സ് ഫെഡ് ചെയർമാനായും പ്രവർത്തിച്ചു. 1976 ലെ അടിയന്തരാവസ്ഥ സമയത്ത് അറസ്റ്റ് ചെയ്യപ്പെടുകയും കക്കയം പൊലീസ് ക്യാമ്പിൽ മർദനത്തിന് ഇരയാവുകയും ചെയ്‌തു. മൂന്നുമാസം ജയിൽവാസം അനുഭവിച്ചു.
1970 കളിൽ സിപിഎമ്മിന്‍റെ നമ്പ്രത്തുകര ബ്രാഞ്ച് കമ്മറ്റിയംഗമായി പ്രവർത്തിച്ചുകൊണ്ടാണ് ടിപി രാമകൃഷ്‌ണൻ പൊതുപ്രവർത്തനം ആരംഭിച്ചത്. കീഴരിയൂർ ലോക്കൽ കമ്മറ്റിയംഗവും ചങ്ങരോത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറിയായും പ്രവർത്തിച്ച ടിപി രാമകൃഷ്‌ണൻ പാർട്ടി പേരാമ്പ്ര, ബാലുശ്ശേരി എന്നീ ഏരിയ കമ്മറ്റികളുടെ സെക്രട്ടറിയായി. ഇക്കാലയളവിൽ തന്നെ പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ പേരാമ്പ്ര എസ്റ്റേറ്റിൽ സിഐടിയു യൂണിയൻ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
കൊയിലാണ്ടി താലൂക്കിൽ ചെത്തു തൊഴിലാളി യൂണിയനും മദ്യവ്യവസായ തൊഴിലാളി യൂണിയനും സംഘടിപ്പിക്കുന്നത് നേതൃത്വം നൽകിയത് ടിപിയാണ്. സിപിഎം ജില്ല കമ്മിറ്റി മെമ്പർ, ജില്ല സെക്രട്ടേറിയറ്റ് അംഗം, ജില്ല സെക്രട്ടറി എന്നീ പദവികളിൽ എത്തി. വിവാദങ്ങളിൽ കുടുങ്ങാത്ത ടിപി പക്ഷേ, സിപിഎം ജില്ല സെക്രട്ടറി ആയിരിക്കെ ഒഞ്ചിയത്ത് പാർട്ടി നേരിട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ നിസഹായകനായി. അതിന്‍റെ പരിണത ഫലമായിരുന്നു ടി പി ചന്ദ്രശേഖരൻ എന്ന നേതാവിന്‍റെ വളർച്ചയും ആർഎംപി എന്ന പാർട്ടിയുടെ ജനനവും.
അവിടെ ഒരു വിഷയവും ഇല്ല എന്ന വിശ്വാസമായിരുന്നു പാർട്ടിക്കേറ്റ വലിയ തിരിച്ചടി. ഒടുവിൽ ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെടുമ്പോൾ ടിപി രാമകൃഷ്‌ണൻ എന്ന ജില്ല സെക്രട്ടറിക്ക് നേരെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ രാമകൃഷ്‌ണൻ ചൈനക്ക് പറന്നു. നേരത്തെ തീരുമാനിച്ച യാത്ര ആയിരുന്നെങ്കിലും അതൊരു ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെട്ടു.
ആ കൊലപാതകം പക്ഷേ ടി പി രാമകൃഷ്‌ണനെ വല്ലാതെ തളർത്തി. മന്ത്രി ആയിരിക്കെ ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ മറികടന്ന് വീണ്ടും അദ്ദേഹം എംഎൽഎ ആയി. വീണ്ടും പഴയ ഉർജസ്വലതയോടെ മുന്നേറുന്ന ടിപി ഇനി ഇടതുമുന്നണിയുടെ കൺവീനറായും പ്രവർത്തിക്കും.
Also Read: 'ഇപി' വിവാദങ്ങളുടെ രണ്ടക്ഷരം; കണ്ണൂരിന്‍റെ ചുവന്ന മണ്ണിൽ മറ്റൊരു വന്മരം കൂടി കടപുഴകുമ്പോൾ...