തൃശൂർ: ജീവിത പ്രാരാബ്‌ദങ്ങൾക്കിടയിലും മിന്നുന്ന വിജയം കരസ്ഥമാക്കി നേപ്പാൾ സ്വദേശിയായ വിനീത വിശ്വകർമ്മ. എസ്എസ്എൽസി പരീക്ഷയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾ നാടെങ്ങും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോൾ തൃശൂർ കല്ലേറ്റുംകരയിലെ ഒറ്റമുറി വീട്ടിലെ വിജയത്തിന് മാറ്റ് ഒരുപടി മുന്നിലാണ്.
18 വർഷങ്ങൾക്ക് മുൻപ് നേപ്പാളിൽ നിന്ന് ജോലി തേടി കേരളത്തിലെത്തിയതാണ് ബാൽ ബഹാദൂറും ഭാര്യ പൂജയും. ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ മിട്ടായി കമ്പനിയിലെ ജോലിക്കിടെയാണ് മൂന്ന് മക്കളുടെ ജനനം. ഒറ്റമുറി വീട്ടിലെ ജീവിത പ്രാരാബ്‌ദങ്ങളൊന്നും വിനീതയുടെ പഠനത്തെ ബാധിച്ചില്ല. പത്താം ക്ലാസ് പരീക്ഷ റിസൾട്ട് വന്നപ്പോൾ വിനീതക്ക് ഫുൾ എ പ്ലസ്. ഭാവിയിൽ അധ്യാപികയായി ജോലിനേടി കുടുംബത്തിന്‍റെ ഒറ്റമുറി വീട്ടിലെ ജീവിതത്തിനു മാറ്റം കൊണ്ടുവരണമെന്നതാണ് വിനീതയുടെ ആഗ്രഹം.
മകളുടെ വിജയത്തിൽ ബാൽ ബഹാദൂറിനും ഭാര്യ പൂജക്കും അതിരറ്റ സന്തോഷമാനുള്ളത്. തങ്ങൾക്ക് ലഭിക്കാതെപോയ വിദ്യാഭ്യാസം മകളിലൂടെ സാധ്യമാകുന്നതിലെ സന്തോഷത്തിലാണ് ഇരുവരും. വിനീതക്ക് താഴെയുള്ള സഹോദരങ്ങളായ വിനീതും ജാനകിയും പഠനത്തിൽ തന്നെ മിടുക്കരാണ്. പഠനത്തിനൊപ്പം നൃത്തത്തിലും താല്‌പര്യമുള്ള വിനീത ഹയർസെക്കൻഡറി കമ്പ്യൂട്ടർ സയൻസ് വിഷയമാക്കിയാണ് തുടർപഠനം ലക്ഷ്യമിടുന്നത്.വിനീത വിശ്വകർമ്മയുടെ വിജയത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വീട്ടിൽ നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
Also Read : ഒന്നിച്ച് ജനിച്ചു, ഒന്നിച്ച് ജയിച്ചു; 10ാം ക്ലാസിൽ മിന്നും ജയവുമായി 13 ജോഡികൾ, പിടിഎം സ്‌കൂളിന് 'ഇരട്ട' മധുരം - SSLC Result Of Twin Siblings