തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഐകകണ്‌ഠേന പ്രമേയം പാസാക്കി നിയമസഭ. ചട്ടം 130 പ്രകാരം എം വിജിൻ എം എൽ എ യാണ് പ്രമേയം അവതരിപ്പിച്ചത്. രണ്ട് മണിക്കൂർ നീണ്ട് നിന്ന ചർച്ചയിൽ 12 എം എൽ എ മാരും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുത്തു.
അധികാര കേന്ദ്രങ്ങളിലെ ഉന്നതരും വൻകിട ട്യൂഷൻ സെന്‍ററുകളും ഒരുമിച്ച് നടത്തിയ കുംഭകോണമാണ് നീറ്റ് പരീക്ഷ തട്ടിപ്പെന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് കൊണ്ട് എം വിജിൻ എം എൽ എ പറഞ്ഞു. ലക്ഷങ്ങൾ മുടക്കാൻ താത്പര്യമുള്ള രക്ഷിതാക്കളോടും വിദ്യാർഥികളോടും ഒഴിഞ്ഞ പേപ്പർ മേശപ്പുറത്ത് വെച്ചു മടങ്ങാനാണ് ഈ മാഫിയ സംഘം നിർദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ജൂൺ 4 നാണ് നീറ്റിന്‍റെ ഫലം പ്രഖ്യാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമാണിത്. പരീക്ഷ തട്ടിപ്പിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ നീക്കം നടത്തിയത്.
കേരളത്തിലെ നിരവധി കുട്ടികളുടെ ജീവന പ്രതീക്ഷകളെയാണ് അട്ടിമറിക്കപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ കുംഭകോണം നടന്നിട്ടും മാധ്യമങ്ങൾ നീറ്റ് പരീക്ഷ തട്ടിപ്പിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും എം വിജിൻ ആരോപിച്ചു.
Also Read: നീറ്റ് പരീക്ഷ പേപ്പർ ചോർച്ച: അന്വേഷണം 6 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ