ആലപ്പുഴ : ആലപ്പുഴ സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ വാർഡ് ആറാട്ട്, വഴിമാളിക മുക്ക് വികസനം വായനശാലക്ക് സമീപം മൗലാ പറമ്പിൽ സുബൈറിന്‍റെയും റസിയയുടെയും മകൻ നഹാസ് (34) ആണ് അപകടത്തിൽ മരിച്ചത്. ദുബായ് റാസൽ ഖൈമയിൽ റോഡ് ജംഗ്ഷനില്‍ കാറും ഇരു ചക്ര വാഹനവും കൂട്ടിയിടിച്ചാണ് അപകടം.
ഫുഡ് സർവീസിനായി ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് അപകടം. ബുധനാഴ്‌ച പകൽ 11 മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരാൾ കൊണ്ടുപോകേണ്ട ഫുഡ് സർവീസ് ഏറ്റെടുക്കുകയായിരുന്നു നഹാസ്. അവിവാഹിതനാണ്. സ്ഥിര വരുമാനമുള്ള ജോലി ലഭ്യമായ ശേഷം വിവാഹം എന്ന നിലപാടിലായിരുന്നു.
സ്വന്തമായി ഒരു വീട് എന്നതും നഹാസിന്‍റെ സ്വപ്‌നമായിരുന്നു. വാടക വീട്ടിലാണ് നിലവില്‍ നഹാസിന്‍റെ കുടുംബം കഴിയുന്നത്. കഴിഞ്ഞ മെയ് മാസം ഒന്നാം തീയതിയാണ് നഹാസ് ദുബായിലേക്ക് പോയത്. ഫയർ ആന്‍റ് സേഫ്റ്റി പരിശീലനം നേടിയ നഹാസ് എട്ട് വർഷത്തോളം ഒമാനിലായിരുന്നു.
സൗത്ത് ആഫ്രിക്കക്കാരന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ 30000 രൂപ ശമ്പളത്തിനായിരുന്ന ഒമാനിൽ പോയത്. ശമ്പളം കൊടുക്കുന്നതിലെ കാലതാമസവും കാലിനുണ്ടായ പരിക്കിനെയും തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ നഹാസ് 5 വർഷത്തോളം നാട്ടിലായിരുന്നു.