തിരുവനന്തപുരം : മലബാർ മേഖലയിൽ പത്താം ക്ലാസ് പാസായ അര ലക്ഷത്തോളം കുട്ടികൾക്ക് പ്ലസ് ടു പ0നത്തിന് അവസരം നിഷേധിക്കുന്ന സമീപനമാണ് സർക്കാരിൻ്റേതെന്ന് എംഎല്‍എ എൻ ഷംസുദ്ദീന്‍. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം 20 കോടി ചെലവായി എന്ന ന്യായം പറഞ്ഞ് അധിക ബാച്ച് അനുവദിക്കുന്നതിൽ നിന്ന് സർക്കാർ പിൻമാറുകയാണ്. അപ്പുറത്ത് നവകേരള സദസ്, നാലരക്കോടിയുടെ ബസ് തുടങ്ങിയ ധൂർത്തുമായി മുന്നോട്ടുപോകുന്നതിന് സർക്കാരിന് ഒരു മടിയുമില്ല. കേരളീയത്തിന് 27 കോടി മുടക്കിയ സർക്കാരാണ് പത്താം ക്ലാസ് പാസായി ഉപരിപഠനത്തിന് അർഹരായ കുട്ടികൾക്ക് 20 കോടി മുടക്കാൻ മടിച്ചു നിൽക്കുന്നത്. പ്ലസ് വൺ സീറ്റ് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം, 6 മലബാർ ജില്ലകളിൽ പ്ലസ് വൺ സീറ്റിൽ ഗണ്യമായ കുറവുണ്ട്. ഈ കുറവ് പരിഹരിക്കാൻ മേഖലയിൽ 150 അധിക ബാച്ചുകൾ അനുവദിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
തെക്കൻ ജില്ലകളിൽ 20 കുട്ടികൾ മാത്രമുള്ള ബാച്ചുകൾ പുനക്രമീകരിക്കണം. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ താലൂക്ക് തല സംവിധാനം വേണം. ഒരു വിദ്യാർഥിക്ക് സ്വന്തം താലൂക്കിൽ പഠിക്കാൻ സൗകര്യമൊരുക്കണം. പത്താം ക്ലാസ് പഠനം വിജയകരമായി പൂർത്തിയാക്കുന്ന കുട്ടിക്ക് പ്ലസ് ടു പ്രവേശനം മുടക്കുന്നത് വിദ്യാഭ്യാസ അവകാശത്തിൻ്റെ ലംഘനമാണ്. 8 കൊല്ലം കൊണ്ട് 1000 ബാറുകൾ അനുവദിച്ച ഈ സർക്കാർ വിദ്യാർഥികൾക്കുവേണ്ടി ഒരു ബാച്ച് അനുവദിക്കാൻ തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പിൽ അടപടലം തകർന്ന സി പി എം ജനവികാരം കണക്കിലെടുത്ത് പ്രവർത്തിക്കണമെന്നും ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.