പാലക്കാട്: കോൺഗ്രസിൽ ക്രിമിനൽ സംഘങ്ങള്‍ ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാവരും ക്രിമിനൽ സംഘങ്ങൾ അല്ല, പക്ഷേ ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി നിരവധി കൊലക്കേസ് പ്രതികൾ കോൺഗ്രസിന് വേണ്ടി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധീരജ് കൊലക്കേസിലെ മുഖ്യപ്രതി പൈലിയെ കെപിസിസി ചേര്‍ത്തു പിടിക്കുകയാണ് ചെയ്‌തത്. കെപിസിസി എന്ന് പറയുന്നതിന് പിന്നിൽ ഇതുപോലുളള പൈലിമാരെ ചേർക്കണം. ക്രിമിനൽ സംഘങ്ങളെ കൂടിച്ചേർത്തുകൊണ്ട് പ്രചാരണം മുന്നോട്ടു കൊണ്ടുപോവുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.
പാലക്കാട് റെയ്‌ഡ് ഷാഫി നടത്തിയ നാടകം
ഷാഫി നടത്തിയ നാടകം കൂടിയാണ് പാലക്കാട് നടന്ന റെയ്‌ഡ് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആ നാടകത്തിന്‍റെ സംവിധായകൻ ഷാഫിയാണ്. എല്ലാവരുടെയും ശ്രദ്ധ പെട്ടിയലല്ലേ ഇപ്പോള്‍. രാഹുല്‍ കയറിപ്പോയ വാഹനവും പെട്ടി കയറ്റിപ്പോയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തു വന്നതോടെ ചിത്രം മാറിയില്ലേ. എന്തുതന്നെയായാലും കള്ളപ്പണം ഒഴുക്കാന്‍ പാടില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
കോടതിയിൽ ദിവ്യ എടുക്കുന്ന നിലപാട് പാർട്ടി നിലപാടായി കാണേണ്ടതില്ല
പി പി ദിവ്യയുടെ കാര്യത്തിൽ നടപടിയെടുക്കേണ്ടത് കണ്ണൂരിലെ പാർട്ടിയാണ്. നടപടിയെ കുറിച്ച് വിശദീകരിക്കേണ്ടത് കണ്ണൂർ ഘടകമാണ്. തെരഞ്ഞെടുപ്പ് സമയത്ത് ദിവ്യ വിഷയം ഒരു പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ല. ചില മാധ്യമങ്ങൾക്ക് അതെല്ലാം പ്രതിസന്ധിയാണ് എന്ന് തോന്നിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ആദ്യം മുതൽ എഡിഎമ്മിന്‍റെ വിഷയത്തിൽ കൃത്യമായ നിലപാടാണ് എടുത്തത്. തെറ്റായ ഒരു നിലപാടും എടുക്കില്ല എന്ന് ഞങ്ങൾ പറഞ്ഞു. സംഘടനാപരമായ നിലപാടാണ് വിഷയത്തിൽ സ്വീകരിച്ചത്. ദിവ്യയെ കാണാന്‍ നേതാക്കള്‍ പോയിരുന്നല്ലോ എന്ന ചോദ്യത്തിന് ഇനിയും പോകും എന്നായിരുന്നു എംവി ഗോവിന്ദന്‍റെ മറുപടി. ദിവ്യക്കൊപ്പം നേതാക്കൾ പോകും. ജയിലിൽ നിന്ന് വന്നാലും പോകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേഡർക്ക് തെറ്റ് സംഭവിച്ചാൽ അത് തിരുത്തി മുന്നോട്ടു പോകും. തെറ്റിന്‍റെ പേരിൽ കൊല്ലാൻ ആകില്ലല്ലോ എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കോടതിയിൽ ദിവ്യ എടുക്കുന്ന നിലപാട് ദിവ്യയുടെ വ്യക്തിപരമായ നിലപാടാണ്. അത് പാർട്ടി നിലപാടായി കാണേണ്ടതില്ല. 24 മണിക്കൂറുകൊണ്ട് ദിവ്യയെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനത്തു നിന്ന് മാറ്റിനിർത്തി. കോൺഗ്രസിന്‍റെ പൈലി രീതിയല്ല സിപിഐഎം സ്വീകരിച്ചതെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു.
ഏതു പെരുമാറ്റ ചട്ടത്തിലാണ് മന്ത്രി എസ്‌പിയെ വിളിക്കാൻ പാടില്ല എന്ന് പറയുന്നത്
മന്ത്രി എസ്‌പിയെ ബന്ധപ്പെടുന്നതിൽ തെറ്റില്ല. ഏതു പെരുമാറ്റ ചട്ടത്തിലാണ് മന്ത്രിയെ വിളിക്കാൻ പാടില്ല എന്ന് പറയുന്നത്. ഇല്ലാത്ത പെരുമാറ്റ ചട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസിന് ശുക്രദശയാണ് എന്നാണ് പറഞ്ഞത്. അത് മാറി ഇപ്പോള്‍ കോൺഗ്രസിന് നിരന്തരം കളവു പറയേണ്ടിവരുന്നു എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Also Read: സിപിഎം നവീൻ്റെ കുടുംബത്തോടൊപ്പം; പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ട് എന്ന വാദം തെറ്റെന്നും എംവി ഗോവിന്ദൻ