തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് വെട്ടിമാറ്റിയെന്ന് പറയപ്പെടുന്ന അഞ്ച് പേജുകള്‍ പുറത്തു വിടേണ്ടതാണെങ്കില്‍ പുറത്തു വിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചു വയ്ക്കാനില്ല. ഒരാളെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.
റിപ്പോര്‍ട്ടില്‍ പറയുന്ന ഒരാളും രക്ഷപ്പെടില്ല. ഹൈക്കോടതി നിര്‍ദേശിക്കുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാര്‍ ഒരുങ്ങവേയാണ് ഒരു നിര്‍മാതാവ് തടസ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനിടെ മറ്റൊരു നടിയും റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ ഹൈക്കോടതിയിലെത്തി. ഈ തടസങ്ങളെല്ലാം നീക്കിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. റിപ്പോര്‍ട്ട് ഒളിച്ചു വയ്‌ക്കേണ്ട ഒരാവശ്യവും സര്‍ക്കാരിനുണ്ടായിരുന്നില്ല. ഇത്തരം വസ്‌തുതകള്‍ നിലനില്‍ക്കേ സര്‍ക്കാര്‍ പൂഴ്ത്തി വച്ചു എന്നു പറയുന്നത് ഒരര്‍ഥവുമില്ലാത്തതാണ്.
റിപ്പോര്‍ട്ടിന്‍റെ ഒരു ഭാഗം സര്‍ക്കാര്‍ വെട്ടിയെന്നാണ് പുതിയ ആരോപണം. സര്‍ക്കാരിന് ഒരു ഭാഗവും വെട്ടേണ്ട കാര്യവുമില്ല, കൂട്ടിച്ചേര്‍ക്കേണ്ട കാര്യവുമില്ല. ആരെല്ലാം ശ്രമിച്ചിട്ടും റിപ്പോര്‍ട്ടിന്‍റെ രഹസ്യാത്മകത കാത്തു സൂക്ഷിക്കാനായി എന്നതു തന്നെയാണ് അതിന്‍റെ പ്രത്യേകത. ഇക്കാര്യത്തില്‍ പരാതിയില്ലാതെ കേസ് എടുക്കാന്‍ കഴിയുമെങ്കിലും കേസ് നിലനില്‍ക്കില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്.
ഇതില്‍ നിന്ന് ഒരാളും രക്ഷപ്പെടില്ല, ഒരാളെയും രക്ഷപ്പെടുത്തില്ല. സിനിമ മേഖലയില്‍ മാത്രമല്ല, ഇന്ത്യയിലാകെ ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഗമായി ചില വൃത്തികെട്ട രീതികളുണ്ട്. പുരുഷ മേധാവിത്വ സമൂഹത്തില്‍ സ്ത്രീ വിരുദ്ധത അതിന്‍റെ മുഖമുദ്രയാണ്. അത് എല്ലാ മേഖലകളിലുമുണ്ട്.
ഇതൊന്നും ഇന്നു തുടങ്ങിയതല്ല. പതിറ്റാണ്ടുകളുടെ പഴക്കമുണ്ടതിന്. പ്രതിപക്ഷവുമായി ഫലപ്രദമായ ചര്‍ച്ച നടത്തി ഒരു സിനിമ നയം രൂപീകരിക്കാം. സ്ത്രീകള്‍ക്കനുകൂലമായ നിലപാടു തന്നെയാണ് സര്‍ക്കാരിനും മുന്നണിക്കും സിപിഎമ്മിനുമുള്ളത്. മാറ്റപ്പെട്ടതായി പറയുന്ന ആറോ ഏഴോ പേജുകള്‍ ലഭിക്കേണ്ടതാണെങ്കില്‍ അതു ലഭിക്കുക തന്നെ ചെയ്യുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.