തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ആരംഭിച്ച തിരുത്തല്‍ പ്രക്രിയയില്‍ പാര്‍ട്ടിയിലെ എല്ലാ തലത്തിലുള്ളവരും പങ്കാളികളാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടിയുടെ സാധാരണ അംഗം മുതല്‍ ഏറ്റവും മുകള്‍ തട്ടിലുള്ളവര്‍ വരെ പങ്കാളികളാകും. ആരും മാറി നില്‍ക്കില്ല. ഇതൊരു സ്ഥിരം അജണ്ടയാണ്.
തെറ്റായ പ്രവണതകള്‍ പാര്‍ട്ടി ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ല. നല്ല ആത്മ വിശ്വാസത്തോടെയാണ് ഇന്നത്തെ യോഗം അവസാനിപ്പിക്കാനായതെന്നും രണ്ടു ദിവസമായി പാര്‍ട്ടി ആസ്ഥാനത്ത് നടന്നു വരുന്ന നേതൃയോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഗോവിന്ദന്‍ വ്യക്തമാക്കി. മനുസ്‌മൃതിയെ അടിസ്ഥാനമാക്കി ചാതുര്‍വര്‍ണ്യ വ്യവസ്ഥ നടപ്പാക്കുന്ന നിലയിലേക്ക് ഭരണ ഘടനയെ മാറ്റിയെടുക്കാനാണ് ബിജെപി 370 മുതല്‍ 420 വരെ സീറ്റു നേടുമെന്ന് പ്രഖ്യാപിച്ച് ലോക്‌സഭയിലേക്ക് ജനവിധി തേടിയത്.
ഈ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ വക്താക്കളായ ബിജെപി, ബിഡിജെഎസ് വഴി എസ്‌എന്‍ഡിപിയില്‍ കാവിവത്കരണത്തിന് നടത്തുന്ന സാഹചര്യത്തെയാണ് എതിര്‍ത്തത്. എസ്എന്‍ഡിപി ഒരു മത നിരപേക്ഷ പ്രസ്ഥാനമാണ്. അത് അവര്‍ നിര്‍വഹിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
എസ്‌ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ മത രാഷ്ട്രവാദികളുമായി ചേര്‍ന്നാണ് മുസ്‌ലീം ലീഗ് പ്രവര്‍ത്തിക്കുന്നത്. അതിനെയും എതിര്‍ക്കും. പരസ്‌പരം കുറ്റപ്പെടുത്തി വര്‍ഗീയ ശക്തികള്‍ പരസ്‌പരം ശക്തിപ്പെടുന്നു. ഒരു ഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയതയും മറുഭാഗത്ത് ന്യൂനപക്ഷ വര്‍ഗീയതയും യുഡിഎഫും. ഒരു ഭാഗത്ത് ന്യൂനപക്ഷങ്ങളെ പരസ്‌പരം ഏറ്റുമുട്ടിക്കുക എന്ന സമീപനവും ബിജെപി സ്വീകരിക്കുന്നു. മതനിരപേക്ഷതയുടെ പ്രധാന വശം ന്യൂനപക്ഷ സംരക്ഷണമാണ്. അതിനെ ന്യൂനപക്ഷ പ്രീണനമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനെ തുറന്നു കാട്ടും.
ജനകീയ പിന്തുണയോടെ ഒരു ശുചിത്വ കേരളം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം ഗ്രാമങ്ങളിലും നഗരങ്ങളിലും നടപ്പാക്കും. സന്നദ്ധ പ്രവര്‍ത്തനത്തിന്‍റെ സ്വഭാവത്തോടെ താഴെ തട്ടിലുള്ള സിപിഎം അണികളെ ഇതിന്‍റെ ഭാഗമാക്കും. മുഖ്യമന്ത്രിയെ പ്രശംസിച്ചു എന്നതിന്‍റെ പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യര്‍ക്കെതിരെ നവ മാധ്യമങ്ങളിലൂടെ നടത്തിയ കടന്നാക്രമണം സ്ത്രീ വിരുദ്ധമാണ്. ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ ഭാര്യയായത് കൊണ്ട് അവര്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചു കൊള്ളണം എന്ന മാനസികാവസ്ഥയില്‍ നിന്നാണ് ഇതുണ്ടാകുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Also Read: ഏരിയാകമ്മിറ്റി ഇനി വേണ്ട; ലോക്കലും സോണലും മതി- അഴിച്ചുപണിക്കൊരുങ്ങി ബംഗാള്‍ സി പിഎം