തിരുവനന്തപുരം: പെന്‍ഷന്‍ അടക്കമുള്ളവയില്‍ കൃത്യത പുലര്‍ത്താനാകാത്തത് ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയ കാരണമായെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിലും പാര്‍ട്ടിക്ക് വീഴ്‌ച പറ്റിയെന്ന് ഗോവിന്ദന്‍ തുറന്ന് സമ്മതിച്ചു. എസ്എന്‍ഡിപി അടക്കമുള്ള സംഘടനകള്‍ സംഘ്‌പരിവാറിന് കീഴ്‌പ്പെട്ടതും തിരിച്ചടിയായി. സിപിഎം യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.
ദേശീയതലത്തില്‍ കോണ്‍ഗ്രസാകും സര്‍ക്കാര്‍ ഉണ്ടാക്കുക എന്ന തോന്നല്‍ മത ന്യൂനപക്ഷങ്ങളില്‍ ഉണ്ടായതും പാര്‍ട്ടിയെ ബാധിച്ചു. ജമാഅത്തെ ഇസ്‌ലാമിയും എസ്‌ഡിപിഐയും മുന്നണി പോലെ പ്രവര്‍ത്തിച്ചു. ഇവര്‍ ഇടതുപക്ഷത്തിനെതിരെ ശക്തമായ കരുക്കള്‍ നീക്കി.
ഇത് മതനിരപേക്ഷ കേരളത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്‌തവ ജനതയിലെ ഒരു വിഭാഗവും ബിജെപിക്ക് അനുകൂല നിലപാട് കൈക്കൊണ്ടു. ഇതാണ് തൃശൂരില്‍ വോട്ട് ചോരാന്‍ കാരണം. ജനങ്ങളില്‍ ഉണ്ടായ തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
പിണറായി വിജയനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം ഉണ്ടായി. അദ്ദേഹത്തെയും കുടുംബത്തെയും ആക്രമിച്ചു. വലതുപക്ഷ മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തി. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക രൂപരേഖ തയാറാക്കും. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി താഴെ തട്ട് മുതല്‍ പരിശോധിക്കുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.