തിരുവനന്തപുരം: സർക്കാരിന് പിആർ ഏജൻസിയില്ലെന്നും മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദ ഹിന്ദുവിന്‍റെ ഖേദ പ്രസ്‌താവനയോടെ അവസാനിക്കേണ്ടതായിരുന്നു പിആർ വിവാദമെന്നും എന്നാൽ ചില മാധ്യമങ്ങൾ ഇത് വലിച്ചു നീട്ടികയാണെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.
സർക്കാരിന്‍റെ ഭാഗമായി പിആർ സംവിധാനങ്ങൾ ഒന്നുമില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണത്തിന്‍റെയും നടപടിയുടെയും ഭാഗമില്ലെന്നും അദ്ദേഹം പറഞ്ഞു. പിവി അൻവർ പാർട്ടിക്ക് നൽകിയ പരാതി പാർട്ടി പുറത്തു വിട്ടിരുന്നില്ല.
എന്നാൽ പിന്നീട് അൻവർ തന്നെ ഇതു പുറത്തുവിട്ടു. അൻവർ പാർട്ടിക്ക് നൽകിയ കത്തിൽ ശശിയെ ബോധപൂർവം അവഹേളിക്കുന്ന ഭാഗങ്ങൾ മാത്രമാണുള്ളത്. ആരോപണങ്ങളിൽ തെളിവുകൾ ഒന്നുമില്ല. എഡിജിപി എംആർ അജിത് കുമാറിനെതിരായി അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ നടപടിയുണ്ടാകുവെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അന്വേഷണം അവസാന ഘട്ടത്തിലാണ്. വസ്‌തുതകൾ പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കാനാണ് പാർട്ടി സർക്കാരിന് നിർദേശം നൽകിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തൃശൂരിൽ ബിജെപിയുടെ വിജയത്തിന് കാരണം കോൺഗ്രസാണെന്നും എംവി ഗോവിന്ദൻ ആക്ഷേപമുന്നയിച്ചു. പൊലീസ് വർഗീയ സംഘർഷ ശ്രമങ്ങൾ തടഞ്ഞു. തൃശൂർ പൂരം അലങ്കോലമാകാൻ കാരണം ആർഎസ്‌എസിന്‍റെ രാഷ്ട്രീയ താത്പര്യങ്ങളാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ചിരിക്കില്ലെന്നായിരുന്നു ഇതുവരെയുള്ള പരാതിയെന്നും ചിരിച്ചപ്പോൾ അതിനും വിമർശനമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സംശയത്തിന്‍റെ പുകമറ തീർക്കാൻ ഒന്നിന് പിന്നാലെ മറ്റൊന്നായി ഒരു പ്രക്രിയ പോലെയാണ് സർക്കാരിനെ മാധ്യമങ്ങൾ കടന്നാക്രമിക്കുന്നതെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.