തിരുവനന്തപുരം : ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ശക്തമായ പ്രതിഷേധത്തിനിടയിലും തിരുവനന്തപുരം മുട്ടത്തറയിൽ ടെസ്റ്റ് നടത്തി ഉദ്യോഗസ്ഥർ. മുട്ടത്തറയിലെ ഓട്ടോമാറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിൽ ഇന്ന് 25 പേർക്കാണ് സ്ലോട്ട് അനുവദിച്ചിരുന്നത്. ഇതിൽ മൂന്ന് പേർ പങ്കെടുത്തു.
പങ്കെടുത്തവരെ റോഡ് ടെസ്റ്റിന് ശേഷം എച്ച് ടെസ്റ്റ് എടുക്കാനായി ഇവിടെ കൊണ്ടുവന്നപ്പോൾ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. സമരക്കാർ അപേക്ഷകരെ എച്ച് ടെസ്റ്റിൽ പങ്കെടുപ്പിക്കാൻ ആദ്യം അനുവദിച്ചില്ലെങ്കിലും പിന്നീട് പൊലീസ് സുരക്ഷയിൽ ടെസ്റ്റ് നടത്തി. ഇന്ന് പങ്കെടുത്ത മൂന്ന് പേരും ടെസ്റ്റിൽ പരാജയപ്പെട്ടു.
ഇതിലൊരാൾ മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥന്‍റെ മകളാണ്. ഇവർ ടെസ്റ്റിൽ പരാജയപ്പെട്ടപ്പോൾ സമരക്കാർ കൂക്കിവിളിച്ചു. മറ്റ് രണ്ടുപേർ ഇരുചക്ര വാഹന ടെസ്റ്റിനായാണ് എത്തിയത്. അതേസമയം മറ്റ് പല ടെസ്റ്റ് കേന്ദ്രങ്ങളിലും പ്രതിഷേധം സംഘർഷത്തിലേക്ക് വരെയെത്തി.
ALSO READ: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം : സമരസമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്