എറണാകുളം: പ്രശസ്‌ത സംഗീത സംവിധായകൻ കെ ജി ജയൻ (90)അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വസതിയിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ആറ് പതിറ്റാണ്ടോളം നീണ്ട സംഗീത ജീവിതത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം.
മുപ്പതോളം സിനിമകൾക്ക് സംഗീതം നൽകിയ വ്യക്തിയാണ് കെ ജെ ജയൻ. 1968 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. 'നക്ഷത്രദീപങ്ങൾ തിളങ്ങി', 'ഹൃദയം ദേവാലയം' തുടങ്ങി മലയാളികൾ എന്നും ഓർമിക്കുന്ന നിരവധി ഗാനങ്ങൾ കെ ജി ജയനും ഇരട്ട സഹോദരൻ കെ ജി വിജയനും ചേർന്നാണ് ഈണമിട്ടത്.
നിരവധി ഭക്തി ഗാനങ്ങൾക്കും കെ ജി ജയന്‍ സംഗീതം പകർന്നു. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1991 ൽ സംഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്‌കാരങ്ങൾ തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതലോകത്ത് ശ്രദ്ധേയരായിരുന്ന ഇരട്ട സഹോദരൻമാരായിരുന്നു കെ ജി ജയനും, കെ ജി വിജയനും. ഇരുവരും ജയ വിജയൻ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
ശബരിമല അയ്യപ്പന് ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീത ലോകത്ത് അറിയപ്പെട്ടത്. ശബരിമല ദേവസ്വം ബോർഡ് പുറത്തിറക്കിയ ഭക്തിഗാന ആൽബമായ 'ശബരിമല അയ്യപ്പനി'ലെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്ന് അവരുടേതാണ്. ശബരിമല സന്നിധാനത്ത് നട തുറക്കുമ്പോൾ കേൾപ്പിക്കുന്ന 'ശ്രീകോവിൽ നടതുറന്നു' എന്ന ഗാനം ഇരുവരും ഈണമിട്ട് പാടിയതാണ്.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ നിന്നും ഗാനഭൂഷണം ഡിപ്ലോമ കോഴ്‌സ് ഒന്നാം ക്ലാസോടെ വിജയിച്ച കെ ജി ജയൻ , കാരാപ്പുഴ ഗവ. എൽ പി സ്‌കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീത മേഖലയിലേക്ക് പൂർണ്ണമായും പ്രവേശിച്ചത്. 1988 ജനുവരി ഒൻപതിനായിരുന്നു ഇരട്ട സഹോദരൻ കെ ജി വിജയൻ അന്തരിച്ചത്. ഇതോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും ജയൻ സംഗീത മേഖലയിൽ തുടരുകയായിരുന്നു.
1934 ഡിസംബർ 6ന് കോട്ടയം നാഗമ്പടത്ത് ഗോപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പരേതയായ നാരായണിയമ്മയുടേയും മകനായാണ് കെ ജി ജയൻ ജനിച്ചത്. ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. ബിജു കെ ജയൻ, നടൻ മനോജ് കെ ജയൻ എന്നിവരാണ് മക്കൾ.