തിരുവനന്തപുരം : മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. മലയിന്‍കീഴ് കാരങ്കോട്ട്‌കോണം സ്വദേശി ശരത്താണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഉത്സവത്തിന് സമീപത്തെ ക്ഷേത്രത്തില്‍ മൈക്ക് സെറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ശരത്തിന്‍റെ സുഹൃത്ത് അഖിലേഷിനും കുത്തേറ്റിട്ടുണ്ട്. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായതിന് പിന്നാലെ സമീപവാസി രാജേഷ് എന്നയാള്‍ മദ്യപ സദസിലെത്തുകയും തുടര്‍ന്ന് തര്‍ക്കം രൂക്ഷമാവുകയുമായിരുന്നു. ഇതോടെ ശരത്തിനും അഖിലേഷിനുമൊപ്പം മദ്യപിച്ചുകൊണ്ടിരുന്ന അരുണ്‍ അടുത്തിരുന്ന ബിയര്‍ കുപ്പി ശരത്തിന്‍റെ തലയിലടിച്ച് പൊട്ടിക്കുകയും ശരത്തിനെയും അഖിലേഷിനെയും കുത്തുകയുമായിരുന്നു. ശരത്തിന് വയറ്റിലും അഖിലേഷിന് നെഞ്ചിലുമായിരുന്നു കുത്തേറ്റത്.
Also Read : മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു ; പ്രതി കസ്‌റ്റഡിയിൽ
അഖിലേഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അരുണ്‍, അനീഷ്, സോളമന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പ്രതിചേര്‍ത്താണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.