ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷയെ സംബന്ധിച്ച് കേരളത്തില്‍ ഉയരുന്ന അനാവശ്യ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി തമിഴ്‌നാട് കര്‍ഷക സംഘടനകള്‍. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നെന്നും കേരളത്തിലെ രാഷ്ട്രീയക്കാര്‍ അനവാശ്യ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്നുമാണ് തമിഴ്‌നാട് കര്‍ഷക സംഘടനകളുടെ ആരോപണം. തമിഴ്‌നാട് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രീതി, കേരളത്തില്‍ പതിവാകുകയാണെന്നും കോടതി വിധി മാനിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
കുമളിയിലേക്കുള്ള ചുരം പാത ഉപരോധിക്കാന്‍ എത്തിയ സമരക്കാരെ ലോവര്‍ ക്യാമ്പില്‍ പൊലീസ് തടഞ്ഞു. പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ അഗ്രികള്‍ച്ചര്‍ അസോസിയേഷന്‍ അംഗം അന്‍വര്‍ ബാലസിംഗത്തിന്‍റെ നേതൃത്വത്തില്‍ വിവിധ കര്‍ഷക സംഘടന പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു.
അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് മുല്ലപ്പെരിയാര്‍ സമര സമിതി. വയനാടിലെ ദുരന്തവും മുല്ലപ്പെരിയാറും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും രാഷ്ട്രീയക്കാര്‍ സ്വാര്‍ത്ഥ താത്പര്യത്തിനായി നടത്തുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും കര്‍ഷക സംഘടനകൾ പറഞ്ഞു.
ജനകീയ പ്രക്ഷോഭങ്ങള്‍ ഒഴിവാക്കി, വിഷയം സംബന്ധിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്കരിച്ച് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഇടപെടല്‍ നടത്തിക്കാനാണ് സമര സമിതിയുടെ തീരുമാനം. സമര സമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 15 -ാം തീയതിയിലെ യോഗത്തിന് ശേഷം, പുതിയ സമര പരിപാടികളില്‍ തീരുമാനം എടുക്കും.
Also Read: രണ്ടാമത്തെ വലിയ സുർക്കി അണക്കെട്ട്; തുംഗഭദ്ര മുന്നറിയിപ്പോ ദുഃസൂചനയോ? മുല്ലപ്പെരിയാറിൽ ആശങ്കയേറുന്നു