ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ 1400 കോടി രൂപ എങ്കിലും വേണമെന്ന് ജലസേചന വകുപ്പ്. പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത് ഇപ്പോഴുള്ള അണക്കെട്ടിൽ നിന്ന് 366 മീറ്റർ താഴെയാണ്. പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് തയ്യാറായി. അന്തിമ റിപ്പോർട്ട് ഈ മാസം അവസാനം ജലസേചന വകുപ്പ് സർക്കാരിന് കൈമാറും.
സംസ്ഥാന സർക്കാർ രണ്ടാമത്തെ തവണയാണ് ഡിപിആർ തയ്യാറാക്കുന്നത്. 2011ലാണ് ആദ്യ റിപ്പോർട്ട് തയ്യാറാക്കിയത്. അതില്‍ 600 കോടി രൂപയാണ് ചെലവായി കണക്കാക്കിയത്. തമിഴ്‌നാട് അനുമതി നൽകിയാൽ എട്ട് വര്‍ഷത്തിനുളളില്‍ പുതിയ ഡാം നിർമിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ തമിഴ്‌നാട് പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് അനുകൂലമായ ഒരു നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ട് വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ റോഷി അഗസ്റ്റിന്‍: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 131.75 അടി വരെ ഉയർന്നെങ്കിലും ഇന്നലെ രാവിലെ 131.4 അടിയായി കുറഞ്ഞു. 136 അടിയിലെത്തുമ്പോൾ തമിഴ്‌നാട് സ്‌പിൽവേ ഷട്ടറുകൾ തുറക്കും. ഡാമിന്‍റെ അനുവദനീയ സംഭരണ ശേഷി 142 അടിയും പരമാവധി ശേഷി 152 അടിയുമാണ്. ജലനിരപ്പ് 137 അടി പിന്നിട്ടു എന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. വാര്‍ത്ത തെറ്റാണെന്നും ആശങ്ക വേണ്ടെന്നുമാണ് മന്ത്രി അറിയിച്ചത്.
Also Read: 'മുല്ലപ്പെരിയാർ വിഷയം ധീരമായി നേരിടും, മാറ്റി പണിയല്‍ അത്ര എളുപ്പമല്ല': എംഎം മണി