കോഴിക്കോട് : അന്തരിച്ച എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ എത്തിച്ചു. ഇന്ന് (ഡിസംബർ 26) വൈകിട്ട് വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് ശ്‌മശാനത്തിൽ സംസ്‌കരിക്കും. തൻ്റെ മരണാന്തര ചടങ്ങുകൾ എങ്ങിനെയായിരിക്കണം എന്ന് എംടി നേരത്തെ കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. തന്‍റെ മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വയ്ക്കരുതെന്നും വിലാപയാത്ര പാടില്ലെന്നും എംടി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാം നിശ്ചയിച്ചിരിക്കുന്നത്.
കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (ഡിസംബർ 25) രാത്രി 10 മണിയോടെയാണ് അദ്ദേഹം വിടവാങ്ങിയത്. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടായി.
കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. യന്ത്ര സഹായമില്ലാതെ ശ്വസിക്കാൻ സാധിക്കുമായിരുന്നു. ഇന്നലെ കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എംടിയുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു. എംടിയുടെ മരണവിവരമറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ഗസ്‌റ്റ് ഹൗസിലെത്തി. രാവിലെ കൊട്ടാരം റോഡിലെ എംടിയുടെ വസതിയായ സിതാരയിലെത്തി മുഖ്യമന്ത്രി അന്ത്യാഞ്ജലിയർപ്പിക്കും. അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരുടെ നിര തന്നെ ഇന്ന് സിതാരയിൽ എത്തിച്ചേരും.
Also Read: മരിച്ചിട്ടും മരിക്കാത്ത ഓർമ്മകൾ; എഴുത്തിന്‍റെ ചക്രവർത്തിക്ക് പ്രണാമം