തിരുവനന്തപുരം: കേരളത്തില്‍ വാഹനം രജിസ്‌റ്റര്‍ ചെയ്യുന്നതിന് സ്ഥിര മേല്‍വിലാസം നിര്‍ബന്ധമാകുന്ന ചട്ടം എടുത്തു കളഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. കേരളത്തിലെ ഏത് ആർ ടി ഒ യിലും ഇനി വാഹനം രജിസ്റ്റർ ചെയ്യാം. ഗതാഗത കമ്മിഷണർ നാഗരാജു ചകിലമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
വാഹന ഉടമയുടെ സ്ഥിരം മേൽവിലാസമുള്ള സ്ഥലത്തെ ആർ ടി ഒ യിൽ മാത്രം വാഹനം രജിസ്ട്രേഷൻ നടപടി പാടുള്ളൂ എന്ന ചട്ടം ഒഴിവാക്കാനുള്ള ഹൈക്കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ ഉത്തരവ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പുതിയ ഉത്തരവ് പ്രകാരം, അധികാര പരിധി ചൂണ്ടിക്കാട്ടി ആർ ടി ഒ മാർക്ക് വാഹന രജിസ്ട്രേഷൻ തള്ളാനാകില്ല. കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് ഗതാഗത കമ്മിഷണർ നാഗരാജു ഇടിവി ഭാരതിനോട് പറഞ്ഞു.
ഇനി വാഹന ഉടമയുടെ മേൽവിലാസമോ, ബിസിനസ് വിലാസമോ ഏത് ആർ ടി ഒ യുടെ പരിധിയിലാണോ അവിടെ നിന്നും വാഹനം രജിസ്റ്റർ ചെയ്യാം. അധികാര പരിധി ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ വാഹന രജിസ്ട്രേഷൻ അനുമതി നൽകാത്ത സംഭവത്തിലായിരുന്നു കോടതിയുടെ ഇടപെടൽ.
മോട്ടോർ വാഹന ഭേദഗതി ചട്ടത്തിന് വിരുദ്ധമാണ് നടപടിയെന്ന് തിരുവനന്തപുരം തോന്നായ്ക്കൽ സ്വദേശിയുടെ ഹർജിയിൽ ഹൈക്കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം പള്ളിച്ചലിൽ നിന്ന് വാങ്ങിയ വാഹനം ആറ്റിങ്ങൽ രജിസ്റ്റർ ചെയ്യണമെന്ന് ഇയാളുടെ ആവശ്യമായിരുന്നു ആർ ടി ഒ തള്ളിയത്.
ഇയാൾ കഴക്കൂട്ടം സ്വദേശിയാണെന്നും കഴക്കൂട്ടം ആർ ടി ഒ യിൽ വാഹനം രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു നിർദേശം. രജിസ്ട്രേഷൻ ആറ്റിങ്ങലിൽ തന്നെ നടത്താനും ഹൈക്കോടതി നിർദേശിച്ചിരുന്നു.
Also Read: മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; 450 കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി