തിരുവനന്തപുരം : നെയ്യാറ്റിൻകര അറക്കുന്നിൽ മകളുടെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി. അറക്കുന്ന് സ്വദേശി ലീലയാണ് ആത്മഹത്യ ചെയ്‌തത്. മകൾ ബിന്ദുവിന്‍റെ കഴുത്തറുത്ത ശേഷമാണ് ലീല ജീവനൊടുക്കിയത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ബിന്ദുവിനെ പരിചരിക്കാനും ചികിത്സിക്കാനും ഉള്ള ബുദ്ധിമുട്ടാണ് കൃത്യത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പുലർച്ചെ മകളുടെ കഴുത്തറുത്ത ശേഷം ലീല ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ലീലയെ രക്ഷിക്കാനായില്ല. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ബിന്ദു ചികിത്സയിലാണ്. നെയ്യാറ്റിൻകര പൊലീസ് മേൽനടപടി സ്വീകരിച്ചു.
നിരാലംബയും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉള്ള 70 കാരിയായ അമ്മ മകളുടെ ചികിത്സയിൽ ആശങ്കപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ലീലയുടെ ഭർത്താവ് ഏതാനും മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ടതാണ്. അടുത്തിടെ ഹൃദ്രോഹത്തെ തുടർന്ന് ലീലയുടെ ഏക മകനും മരണത്തിന് കീഴടങ്ങിയതോടെ കുടുംബം തികച്ചും പ്രതിസന്ധിയിലായി. തന്‍റെ കാലശേഷം മകൾക്ക് ആരുണ്ടെന്ന ആശങ്ക ലീലയെ വല്ലാതെ അലട്ടിയതായി സമീപവാസികൾ പറയുന്നു.
ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821
Also Read: കൊച്ചിയിൽ മലപ്പുറം സ്വദേശികളായ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി