തിരുവനന്തപുരം: മകൻ ഡ്രൈവർ, അമ്മ കണ്ടക്‌ടർ, ഈ അപൂർവ നിമിഷം കെഎസ്ആർടിസിയുടെ ചരിത്രത്തിലാദ്യം. കഴിഞ്ഞ ആഴ്‌ച കെഎസ്ആർടിസി കെ സ്വിഫ്റ്റിൽ ഡ്രൈവറായി നിയമനം ലഭിച്ച ശ്രീരാഗിന്‍റെ ആദ്യ യാത്രയിലാണ് കണ്ടക്‌ടറായി സ്വന്തം അമ്മ യമുന എത്തിയത്.
സ്വിഫ്റ്റ് ബസിൽ ഇനി അമ്മയും മകനും ഒരുമിച്ച് നഗരം ചുറ്റും. മകനോടൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൻ്റെ സന്തോഷം ആ അമ്മയുടെ കണ്ണുകളിൽ പ്രകടമായിരുന്നു, ഒപ്പം ചാരുതാർഥ്യവും. ഇന്നലെയാണ് കെഎസ്ആർടിസി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അത്യപൂർവമായ ഈ വാർത്ത പങ്കുവച്ചത്.
2009 മുതൽ യമുന കണ്ടക്‌ടറായി സേവനമനുഷ്‌ഠിക്കുന്നു. ആര്യനാട് ഡിപ്പോയിലെ ബദലി കണ്ടക്‌ടറായിരുന്ന യമുന 2022 മുതലാണ് സ്വിഫ്റ്റിൽ തൻ്റെ ജോലി ആരംഭിക്കുന്നത്. മുഖ്യമന്ത്രിയിൽ നിന്ന് ആദ്യ ദിനം റാക്ക് വാങ്ങി ജോലിയിൽ പ്രവേശിച്ച യമുനയുടെ ചിരകാലസ്വപ്‌നമായിരുന്നു മകന് നല്ലൊരു ജോലി ലഭിക്കണമെന്നുളളത്. എന്നാൽ, അത് തന്നോടൊപ്പം തന്നെ ആകുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല.
മകന് ചെറുപ്പം മുതലേ ഡ്രൈവിങ്ങിൽ കമ്പമുണ്ട്. വനം വകുപ്പിലെ താത്‌കാലിക ഡ്രൈവറായിരുന്ന ശ്രീരാഗിന് കണ്ടക്‌ടർ ലൈസൻസ് ഉണ്ടായിരുന്നു. അങ്ങനെ കഴിഞ്ഞ ആഴ്‌ചയായിരുന്നു കെ സ്വിഫ്റ്റിൽ നിയമനം ലഭിക്കുന്നത്. അമ്മയ്‌ക്കൊപ്പം ആദ്യ ഡ്യൂട്ടി ചെയ്യണമെന്നുള്ള ശ്രീരാഗിന്‍റെ ആവശ്യം കെഎസ്ആർടിസി അധികൃതർ സാക്ഷാത്കരിക്കുകയായിരുന്നുവെന്ന് നിറഞ്ഞ പുഞ്ചിരിയോടെ അമ്മ യമുന പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'അതിന് അവസരമൊരുക്കി തന്ന എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. മകന് ഇഷ്‌ടപ്പെട്ട ജോലിയാണ്. ശ്രദ്ധാപൂർവ്വം അവൻ എന്ത് ചെയ്‌താലും ശരിയാകും. 22 വയസായപ്പോൾ തന്നെ അവൻ ഹെവി ലൈസൻസ് എടുത്തിരുന്നു. ജീപ്പ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് ഫോറസ്‌റ്റിൽ ജോലിക്ക് കയറി. വലിയ വണ്ടി ഒരുപാട് ഓടിച്ചിട്ടില്ലെങ്കിലും ചെറിയ വണ്ടികൾ ഒരുപാട് ഓടിച്ചിട്ടുണ്ട്. ജോലിയുടെ സൗകര്യാർഥം ഇപ്പോൾ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വീടെടുത്ത് താമസിക്കുകയാണ്. മകൻ കുടുംബത്തോടൊപ്പം ഇങ്ങോട്ട് മാറാനുള്ള പ്ലാനിലാണെന്നും' യാത്രകാർക്ക് ടിക്കറ്റ് കീറി നൽകുന്നതിനിടെ യമുന പറഞ്ഞു.
റീലുകൾ കണ്ടാണ് വാഹനപ്രേമം തുടങ്ങിയതെന്നാണ് ശ്രീരാഗ് പറയുന്നത്. 'അമ്മയ്ക്കായിരുന്നു സ്വിഫ്റ്റിൽ ജോലി ചെയ്യണമെന്ന് നിർബന്ധം. പിന്നീട് അവസരം വന്നപ്പോൾ അപേക്ഷിക്കാൻ നിർദേശിച്ചു. മകനാണ് ഡ്രൈവർ എന്നറിഞ്ഞപ്പോൾ യാത്രക്കാർ മിഠായി എല്ലാം വാങ്ങി തന്നു. വണ്ടി ഓടിക്കുമ്പോൾ എന്തെങ്കിലും പിഴവുകൾ കണ്ടാൽ അമ്മ വന്ന് തിരുത്തും. അമ്മയാണെന്ന് കരുതി ജോലിക്കിടെ അങ്ങനെ സ്വാതന്ത്ര്യം കാണിക്കാൻ കഴിയില്ല' എന്ന് ശ്രീരാഗ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്നലെ (നവംബർ 03) ഇരുവരും ഒരുമിച്ചെത്തി. അങ്ങനെ അവരുടെ യാത്ര ആരംഭിച്ചു. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം ഒരുമിച്ച് പങ്കിട്ട് കഴിച്ചു. ഏറെ ശ്രദ്ധാപൂർവ്വമാണ് ശ്രീരാഗ് ബസ് ഓടിച്ചത്. അമ്മ യമുനയ്‌ക്ക് ഈ കാഴ്‌ച മനം നിറയെ ആഹ്ളാദം നൽകി.
വർക്ക്‌ഷോപ്പ് ജീവനക്കാരനായ ഭർത്താവ് രാജേന്ദ്രൻ ആശാരി, മുട്ടത്തറ എൻജിനീയറിങ് കോളജിലെ താത്‌കാലിക ജീവനക്കാരനായ ഇളയ മകൻ സിദ്ധാർത്ഥ് എന്നിവർക്കൊപ്പം ആര്യനാട് ശ്രീരാഗ്ഭവനിലാണ് യമുനയും ശ്രീരാഗും താമസിക്കുന്നത്. അമ്മയ്‌ക്കും മകനും ഒപ്പമുള്ള സ്നേഹം നിറഞ്ഞ യാത്രകളുടെ മധുരത്തിലാണ് റൂട്ടിലെ യാത്രക്കാരും.
Also Read: ഭക്ഷണം കഴിക്കാൻ കെഎസ്ആർടിസി ബസ് ഇനി ഈ ഹോട്ടലുകളില്‍ മാത്രമേ നിർത്തൂ; പട്ടിക പുറത്ത്